ബാങ്ക് വായ്പ: 25 ലക്ഷം തട്ടിയ ബിഹാർ സ്വദേശി അറസ്റ്റിൽ

കിഴക്കമ്പലം
ബാങ്ക് വായ്പ തരപ്പെടുത്തിനൽകാമെന്നുപറഞ്ഞ് കിഴക്കമ്പലം സ്വദേശിയിൽനിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബിഹാർ നളന്ദ സ്വദേശി വിശാൽകുമാറിനെ (21)യാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പുസംഘത്തെ പരിചയപ്പെടുന്നത്. ദേശസാൽകൃതബാങ്കിൽനിന്ന് 50 ലക്ഷം രൂപയുടെ വായ്‌പ തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. പ്രോസസിങ് ചാർജ്, ഇൻഷുറൻസ്, ബാങ്ക് നിയമങ്ങൾ മാറിയെന്നുപറഞ്ഞ് ഫീസ് എന്നിങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞ് പണം കൈക്കലാക്കി. പിന്നീട് പണം വാങ്ങിയവരെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ കിഴക്കമ്പലം സ്വദേശി പൊലീസിൽ പരാതി നൽകി.
ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ നളന്ദയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ പ്രതികളിലൊരാളുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് വേഷംമാറി ദിവസങ്ങളോളം അവിടെ താമസിച്ചാണ് പ്രതിയെ പിടികൂടിയത്. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. എഎസ്‌പി ശക്തിസിങ് ആര്യ, ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ്, എസ്ഐ എൻ കെ ജേക്കബ്, സീനിയർ സിപിഒമാരായ കെ കെ ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷകസംഘത്തിലുള്ളത്.










0 comments