ad
Deshabhimani

കണ്ണീര്‍ത്തുരുത്തായി രാമമംഗലം

വിമാനമേറിയ സന്തോഷം, 
സങ്കടപ്പെട്ടിയിൽ മടക്കം

bangalore

ബംഗളൂരുവില്‍ മതിലിടിഞ്ഞു മരിച്ച കുടുംബശ്രീ അംഗങ്ങളായ സ്മിത, ലത എന്നിവരുടെ മൃതദേഹങ്ങൾ രാമമംഗലം പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന്‌ വച്ചപ്പോൾ ചിത്രം സുനോജ് നൈനാന്‍ മാത്യു

വെബ് ഡെസ്ക്

Published on May 01, 2026, 03:30 AM | 2 min read

രാമമംഗലം


ആദ്യമായി വിമാനമേറിയ സന്തോഷവുമായി ബംഗളൂരുവിൽ ചെന്നിറങ്ങിയശേഷം ദുരന്തത്തിനിരയായ പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. രാമമംഗലം പഞ്ചായത്ത്‌ ഓഫീസ്‌ മുറ്റത്തൊരുക്കിയ പന്തലിലേയ്‌ക്ക്‌ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ നാട്‌ സങ്കടത്തുരുത്തായി. ബംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞ്‌ മരിച്ച രാമമംഗലം കിഴുമുറി തെക്കേയിറമ്പിൽ സ്‌മിതയ്‌ക്കും (49) ആശുപത്രിപ്പടി മനയ്ക്കക്കുടിയിൽ ലതയ്‌ക്കും (50-) ആയിരങ്ങൾ യാത്രാമൊഴി നൽകി.


വ്യാഴം പകൽ 1.55 ഓടെയാണ് രണ്ട്‌ ആംബുലൻസുകളിലായി മൃതദേഹങ്ങളെത്തിച്ചത്. 2.30ഓടെ വീടുകളിലേക്ക്. കൂടെ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജനങ്ങൾ, വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീടുകളിലെത്തിയും അന്ത്യോപചാരമർപ്പിച്ചു. ലതയുടെ മൃതദേഹം മേമ്മുറി സമുദായം ശ്‌മശാനത്തിലും സ്‌മിതയുടേത്‌ വീട്ടുവളപ്പിലും സംസ്‌കരിച്ചു.


അപകടം നടന്നയുടൻ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി രാജീവ്‌ ഡിജിപി റവാഡ ചന്ദ്രശേഖർ വഴി ഇടപെട്ട്‌ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു. പരിക്കേറ്റവർക്ക്‌ മെച്ചപ്പെട്ട പരിചരണവും ഉറപ്പാക്കി. കർണാടക സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിലാണ്‌ മൃതദേഹങ്ങൾ കേരളത്തിലെത്തിച്ചത്‌. മരിച്ചവരുടെ ബന്ധുക്കൾക്ക്‌ കർണാടക സർക്കാർ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക്‌ ചികിത്സ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.


കേരള അതിർത്തിമുതൽ കേരള പൊലീസ്‌ അകമ്പടിയുണ്ടായി. മൃതദേഹങ്ങൾ ആദ്യം പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന്‌ പൊതുദർശന-–സംസ്‌കാരച്ചടങ്ങുകൾ കലക്‌ടർ ജി പ്രിയങ്ക ഉൾപ്പെടെയുള്ളവർ ഏകോപിപ്പിച്ചു.


അപകടത്തിൽ പരിക്കേറ്റ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായ മണികണ്ഠൻ (51), സിജി അനിൽ (45) എന്നിവർ പരിക്കുകളോടെ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

​ബുധൻ വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ മതിലിടിഞ്ഞുവീണായിരുന്നു അപകടം. മഴ നനയാതെ കയറിനിന്ന ഭാഗത്താണ് മതിലിടിഞ്ഞ് അപകടമുണ്ടായത്‌. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽനിന്ന്‌ വിമാനമാർഗം 56 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്‌ക്ക് പോയത്‌.


സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഏരിയ സെക്രട്ടറി പി ബി രതീഷ്, ഗോപി കോട്ടമുറിക്കൽ, സാബു കെ ജേക്കബ്, പി എസ് മോഹനൻ, സുമിത് സുരേന്ദ്രൻ, അനൂപ് ജേക്കബ് എംഎൽഎ, കലക്ടർ ജി പ്രയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി കൃഷ്ണൻകുട്ടി, എം ജെ ജേക്കബ്, കെ എൻ ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നെവിൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി രാജു തുടങ്ങി നിരവധിപേർ രാമമംഗലം പഞ്ചായത്ത്‌ കാര്യാലയ അങ്കണത്തിലും വീടുകളിലുമെത്തി അന്ത്യോപചാരമർപ്പിച്ചു.


bangaloreസ്മിതയുടെ മൃതദേഹത്തിനരികെ ഭർത്താവ് രഘുവും മക്കളും



ഇതിനാണോ ഒരുക്കിവിട്ടത്‌


രാമമംഗലം


‘എന്റെ പൊന്നമ്മച്ചീ, ഇതിനാണോ അമ്മയെ ഞാൻ ഒരുക്കിവിട്ടത്..’ സങ്കടക്കനം തളംകെട്ടിനിന്ന കിഴുമുറി തെക്കേയിറമ്പിൽ വീട്ടിൽനിന്ന് സ്‌മിതയുടെ മകൾ ആവണിയുടെ വാവിട്ടുള്ള നിലവിളി. ബംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞ് മരിച്ച സ്‌മിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ നാടൊന്നാകെ വിതുമ്പി.


ബംഗളുരുവിൽ പോയി വരുമ്പോൾ അമ്മ എന്തുവാങ്ങി വരണമെന്ന ചോദ്യത്തിന്, ഒന്നും വേണ്ട അമ്മ എല്ലാം കണ്ട് ആസ്വദിച്ച് തിരികെ വന്നാൽമതിയെന്ന് പറഞ്ഞാണ് മക്കളായ അരുന്ധതിയും ആവണിയും യാത്രയാക്കിയത്. ആദ്യമായി വിമാനമേറിയ അമ്മയെയും സുഹൃത്തുക്കളെയും കൊച്ചി വിമാനത്താവളത്തിലെ കസ്റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌ ആവണി കൈവീശി സന്തോഷത്തോടെയാണ് പറഞ്ഞയച്ചത്‌. ജീവിതത്തിലാദ്യമായി വിമാനമേറിയ അമ്മയുടെ ആവേശം റൺവേയിൽ കണ്ടുനിന്ന മകൾ, ആ സന്തോഷം തണുത്തുറഞ്ഞപെട്ടിയിൽ തിരിച്ചെത്തുമെന്ന് കരുതിയില്ല. വ്യാഴം വൈകിട്ട് 4.30ഓടെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.


മുമ്പ് മണൽത്തൊഴിലാളിയും പിന്നീട് ടാപ്പിങ് ഉൾപ്പെടെ വിവിധ ജോലികളും ചെയ്തിരുന്ന ഭർത്താവ് രഘുവിന് ഒന്നരവർഷമായി പണിയെടുക്കാൻകഴിയാത്ത അവസ്ഥയാണ്‌. 20 വർഷമായി അമൃതം ഭക്ഷ്യനിർമാണ യൂണിറ്റിൽ ജോലിചെയ്‌തിരുന്ന സ്‌മിതയായിരുന്നു വീട് നോക്കിയിരുന്നത്. തുച്ഛവരുമാനത്തിൽനിന്ന് മിച്ചം പിടിച്ചാണ് മക്കളെ പഠിപ്പിച്ചത്. മൂത്തമകൾ അനാമിക സൗദിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചതും രണ്ടാമത്തെ മകൾ അരുന്ധതിയുടെ ഉപരിപഠനവുമെല്ലാം അമ്മയുടെ കഠിനാധ്വാനത്തിന്റെകൂടി ഫലമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home