ബാലൻ പണ്ഡിറ്റിന്റെ ജന്മശതാബ്ദി ഇന്ന്
ഇന്ത്യൻ ക്രിക്കറ്റ് പിച്ചിലെ ആദ്യ മലയാളി സാന്നിധ്യത്തിന് സെഞ്ച്വറി

ബാലൻപണ്ഡിറ്റ് ശിഷ്യൻ പി രംഗനാഥനൊപ്പം
കെ പി വേണു
Published on Jun 16, 2026, 02:56 AM | 1 min read
കളമശേരി
1955 ൽ ന്യൂസിലൻഡുമായി നടന്ന സൗഹൃദമത്സരത്തിൽ ഇന്ത്യക്കായി ആദ്യമായി ക്രിക്കറ്റ് പിച്ചിലിറങ്ങിയ മലയാളി, ബാലൻ പണ്ഡിറ്റിന്റെ നൂറാം ജന്മദിനം ചൊവ്വാഴ്‌ച. പറവൂർ വള്ളുവള്ളി സ്വദേശി മാധവസ്വാമി പണ്ഡിറ്റിന്റെയും കല്യാണിയുടെയും മകനായ എം ബാലൻപണ്ഡിറ്റ് 19–-ാംവയസ്സിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായും തിരു–കൊച്ചിക്കായും പാഡണിഞ്ഞു. 1960 ൽ ആന്ധ്രക്കെതിരെ അടിച്ചുകൂട്ടിയ 262 റൺസ് അഞ്ച് പതിറ്റാണ്ടോളം കേരളത്തിന്റെ റെക്കോഡായി തുടർന്നു.
ബോംബെയിൽ വളർന്ന പണ്ഡിറ്റ് 1947ൽ ആദ്യ രഞ്ജി ടൂർണമെന്റ് കളിച്ചു. 44 വയസ്സുവരെ ക്രിക്കറ്റിൽ സജീവമായിരുന്നു. ഇതിനിടെ പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പാേർട്സിൽനിന്ന് കോച്ചിങ്ങിൽ ബിരുദം നേടി. 1951ൽ ബോംബെ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൽ ട്രാഫിക് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച് അവരുടെ ടീമിലെ മുഖ്യ കളിക്കാരനായി. 1960 വരെ ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് ലീഗിലും കളിച്ചു. ആദ്യകാല കേരള ക്രിക്കറ്റിലെ മുഖ്യകളിക്കാരെല്ലാം പണ്ഡിറ്റിന്റെ ശിഷ്യരാണ്.
ഇന്ത്യയുടെ ജൂനിയർ സെലക്‌ഷൻ കമ്മിറ്റി അംഗവും കേരള സെലക്‌ഷൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1962ൽ ഫാക്ട് സ്കൂളിൽ ഗെയിംസ് സൂപ്പർവൈസർ ആയതോടെ അദ്ദേഹം നിരവധി കുട്ടികളെ ക്രിക്കറ്റിലേക്ക് നയിച്ചു. അങ്ങനെ ഉയർന്നുവന്നവരിലൊരാളാണ് മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും ബിസിസിഐ റഫറിയുമായ പി രംഗനാഥൻ. കളിക്കാരെ കണ്ടെത്തുന്നതിലും പ്രോത്സാഹനം നൽകി വളർത്തിയെടുക്കുന്നതിലും പണ്ഡിറ്റ് വലിയ ശ്രദ്ധപുലർത്തിയിരുന്നതായി രംഗനാഥൻ പറഞ്ഞു.
ഫാക്ട് സ്കൂളിൽ ഗ്രൗണ്ട് നിർമാണത്തിലും സ്പോർട്സ് സംഘാടനത്തിലും വലിയ പങ്കുവഹിച്ചു. മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധപുലർത്തി. സ്കൂളിൽനിന്ന് 1986ൽ വിരമിച്ചു. 2013 ജൂൺ അഞ്ചിനായിരുന്ന അന്ത്യം.










0 comments