കുടലിലെ ബാക്ടീരിയയുടെ തകരാർ ഓർമയെ ബാധിക്കും ; കണ്ടെത്തലിനുപിന്നിൽ ഇൻഡോ–ജർമൻ ഗവേഷകസംഘം

കളമശേരി
ആമാശയത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാർ ഓർമശക്തിയെയും പഠനശേഷിയെയും ബാധിക്കുമെന്ന് ഇൻഡോ–-ജർമൻ ഗവേഷകസംഘം കണ്ടെത്തി. കൊച്ചി സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസ് മേധാവി ഡോ. പി എസ് ബേബി ചക്രപാണി, ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബ്രൗൺഷ്വൈഗിലെ പ്രൊഫ. മാർട്ടിൻ കോർട്ടെ എന്നിവർ നേതൃത്വം നൽകിയ പഠനത്തിലാണ് ആമാശയവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദീർഘകാല സംശയങ്ങളെ ശരിവയ്‌ക്കുന്ന കണ്ടെത്തൽ നടത്തിയത്.
‘ബിഎംസി ബയോളജി'യുടെ പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ എങ്ങനെയാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകുന്നതെന്നും ആ മാറ്റങ്ങൾ എങ്ങനെ തലച്ചോറിലെ ഓർമകൾ രൂപപ്പെടുത്താൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു എന്നുമാണ് കണ്ടെത്തൽ. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെയും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസിന്റെയും സഹകരണത്തോടെയാണ് ഗവേഷണം നടന്നത്.
ഡോ. പി എസ് ബേബി ചക്രപാണിയുടെ കീഴിൽ ഗവേഷണം നടത്തുന്ന കൃഷ്ണപ്രിയയുടെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമാണ് ഈ പഠനം. കുടലിലുണ്ടാകുന്ന അസന്തുലിതാവസ്ഥ അവിടെമാത്രം ഒതുങ്ങിനിൽക്കാത്ത ഒരു നാഡീവീക്കത്തിന് കാരണമാകുന്നു. ഈ വീക്കം ഒടുവിൽ തലച്ചോറിലെ പ്രതിരോധകോശങ്ങളെ സ്വാധീനിക്കുകയും ഓർമശക്തിക്ക് അത്യന്താപേക്ഷികമായ ആരോഗ്യമുള്ള നാഡീബന്ധങ്ങളെക്കൂടി നശിപ്പിക്കുകയും ചെയ്യുന്നതായാണ് പഠനം. കുടലിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിലൂടെ ഓർമക്കുറവ് പരിഹരിക്കാനാകുമോ എന്ന കണ്ടെത്തലിന് പഠനം വഴിതുറക്കുമെന്ന് ഗവേഷകർ പറഞ്ഞു.










0 comments