സ്റ്റെയ്‌ൻഡ്‌ ബൈ ഡസ്റ്റ്‌ ആൻഡ്‌ ടച്ച്‌ഡ്‌ ബൈ സ്‌റ്റോൺ ; അതിരുകൾക്കപ്പുറമുള്ള കലാലോകം

art exhibition
വെബ് ഡെസ്ക്

Published on Jul 05, 2025, 03:50 AM | 1 min read


കൊച്ചി

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുയാണ്‌ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ച "സ്റ്റെയ്‌ൻഡ്‌ ബൈ ഡസ്റ്റ്‌ ആൻഡ്‌ ടച്ച്‌ഡ്‌ ബൈ സ്‌റ്റോൺ ' കലാപ്രദർശനം. ഒപ്പം കേരളത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ, വ്യതിയാനങ്ങളുടെ പകർപ്പും പ്രദർശനത്തിൽ കാണാം. ഇരട്ടസഹോദരിമാരായ എം എ അസ്‌ന, എം എ തസ്‌നി എന്നിവരുടെയും ഷിബു കെ ബാബുവിന്റെയും കലാസൃഷ്‌ടികളാണ്‌ പ്രദർശനത്തിലുള്ളത്‌.


മുസ്ലിം സംസ്‌കാരവും സ്‌ത്രീകളുമാണ്‌ അസ്‌നയുടെയും തസ്‌നിയുടെയും ചിത്രങ്ങളിൽ തെളിയുന്നത്‌. ഇരുവരും ചേർന്ന്‌ വരച്ച 18 അടി നീളവും 11.5 അടി ഉയരവുമുള്ള ചിത്രം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്‌. "സ്‌ത്രീശക്തി' എന്ന ആശയത്തെ പ്രതിനിധാനംചെയ്യുന്നതാണ്‌ ചിത്രമെന്ന്‌ ഇരുവരും പറഞ്ഞു. പേപ്പർ പൾപ്പ്‌, അക്രിലിക്‌ എന്നിവയുപയോഗിച്ച്‌ മൂന്നുമാസമെടുത്താണ്‌ കലാസൃഷ്‌ടി പൂർത്തിയാക്കിയത്‌. "വല്യുമ്മ', "ഉമ്മ', പ്രാർഥിക്കുന്ന മുസ്ലിം സ്‌ത്രീകളുടെ ചിത്രം തുടങ്ങിയവ ആ സംസ്‌കാരത്തെക്കുറിച്ചുള്ള സൂക്ഷ്‌മമമായ നിരീക്ഷണങ്ങളാണ്‌. സദ്യ വിളമ്പിയ വാഴയിലയും മൃതദേഹം കിടത്തിയിരിക്കുന്ന വാഴയിലയുടെയും ചിത്രങ്ങൾ സാംസ്‌കാരിക വ്യതിയാനത്തിന്റെ പകർപ്പാകുകയാണ്‌. ഇരുവരുടെയും ആദ്യ ചിത്രപ്രദർശനമാണിത്‌. ബിഎഫ്‌എ പൂർത്തിയാക്കി ചിത്രകലയിൽ ഉപരിപഠനത്തിന്‌ ഒരുങ്ങുകയാണ്‌ തൃശൂർ സ്വദേശികളായ ഇരുവരും.


ആദ്യ കാഴ്‌ചയിൽത്തന്നെ ഒരാളെ അളന്നിടുന്ന മനുഷ്യസ്വഭാവം വരച്ചിടുന്നതാണ്‌ ഷിബു കെ ബാബുവിന്റെ കലാസൃഷ്‌ടിയായ സ്‌കെയിലുകൊണ്ടുള്ള കണ്ണട. ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ അവിടെ നിശ്ചയിക്കപ്പെടുകയാണ്‌. കാഴ്‌ചയില്ലാത്തവർ ലോകത്തെ തൊട്ടറിയുന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്‌.


അലമാര എന്ന ഷിബുവിന്റെ കവിത ബ്രെയ്‌ൽ ലിപിയിലേക്ക്‌ മാറ്റിയതും പ്രദർശനത്തിലുണ്ട്‌. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന്‌ ബിഎഫ്‌എ പൂർത്തിയാക്കി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്‌ കോട്ടയം സ്വദേശിയായ ഷിബു. ചിത്രപ്രദർശനം ആറുവരെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home