നിറങ്ങളിലെഴുതിയ മനുഷ്യ പ്രകൃതി ചിത്രങ്ങൾ

കെ ആർ ശോഭരാജ് / സജിത് പുതുക്കലവട്ടം / ഷിനോജ് ചോറൻ
കൊച്ചി
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവപാരസ്‌പര്യത്തെ വ്യത്യസ്‌ത രീതികളിൽ വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയുമാണ് മൂന്നു ചിത്രകാരന്മാരുടെ കലാസൃഷ്‌ടികൾ. പ്രമേയപരമായി സമാനത പുലർത്തുമ്പോഴും വ്യത്യസ്‌തവും മൗലികവുമായ ആവിഷ്‌കാരതലത്തിലാണ് മൂവരുടെയും രചനകൾ ആസ്വാദകരോട് സംവദിക്കുന്നത്. മലയാളി കലാകാരന്മാരുടെ പുത്തൻ രചനകൾ പരിചയപ്പെടുത്തി ലളിതകലാ അക്കാദമി നടത്തിവരുന്ന കലാപ്രദർശനങ്ങളുടെ പരമ്പരയിൽ മൂന്ന് യുവചിത്രകാരന്മാരുടെ ഏകാംഗപ്രദർശനമാണ് ദർബാർ ഹാൾ ഗാലറികളിൽ തുടരുന്നത്. സജിത് പുതുക്കലവട്ടത്തിന്റെ മർമേഴ്‌സ് ഓഫ് ദ വൈൽഡ്, ഷിനോജ് ചോറന്റെ വേർ വെയർ യു ബിഫോർ ദ മിറർ, കെ ആർ ശോഭരാജിന്റെ ടൈം എഗെയ്‌ൻ എന്നിവയാണ് പ്രദർശനങ്ങൾ.
ദേശാഭിമാനി വാരികയിലെ ഇല്ലസ്‌ട്രേഷനുകളിലൂടെയും ആസ്വാദകർക്ക് പരിചിതനാണ് കൊച്ചി സ്വദേശിയായ സജിത് പുതുക്കലവട്ടം. ജലച്ചായത്തിലും അക്രിലിക്കിലും പേസ്‌റ്റലുകളിലുമാണ് സജിത്തിന്റെ രചനകൾ. ‘പടർപ്പിന്റെ ഒച്ച’ എന്ന പരമ്പരയിലെ ചിത്രങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ചിത്രകാരി രാധ ഗോമതിയാണ് ക്യുറേറ്റ് ചെയ്‌തിട്ടുള്ളത്.
കണ്ണൂർ സ്വദേശിയും കലാധ്യാപകനുമായ ഷിനോജ് ചോറന്റെ ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും സ്വത്വപരമായി വേർതിരിക്കാനാകാത്ത സങ്കലനമാണ്. മനുഷ്യരുമായി സഹവർത്തിക്കുന്നതോ അവനിലേക്ക് ഇടപെടുന്നതോ ആയ സങ്കലനത്തിൽ മുഖംകൊണ്ട് തിരിച്ചറിയുന്ന മനുഷ്യനെ ഷിനോജ് വരയ്ക്കുന്നില്ല. കായ്‌കളും ഫലങ്ങളും പൂക്കളും ഇലകളുമൊക്കെയാണ് അവന്റെ ശിരസ്ഥാനങ്ങളെ അലങ്കരിക്കുന്നത്. ഡോ. സുധീഷ് കോട്ടേമ്പ്രമാണ് പ്രദർശനത്തിന്റെ ക്യുറേറ്റർ.
കാലടി സംസ്‌കൃത സർവകലാശാലയിൽ ചിത്രകലാവിഭാഗം അധ്യാപകനായ കെ ആർ ശോഭരാജിന്റെ ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളുമൊക്കെ നിറയുന്നുണ്ടെങ്കിലും നിറങ്ങളുടെയും ഇമേജുകളുടെയും വിന്യാസം കാഴ്‌ചകളെ കീഴ്‌മേൽ മറിക്കുന്നു. കണ്ടതിനും അറിഞ്ഞതിനുമപ്പുറം പുതിയ ആഖ്യാനങ്ങൾ കണ്ടെത്താൻ ആസ്വാദകനെ പ്രേരിപ്പിക്കുന്നു. മേഘ ശ്രേയസാണ് ക്യുറേറ്റർ. പ്രദർശനങ്ങൾ 17 വരെ തുടരും. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് ഗാലറി സമയം.









0 comments