കഷ്ടപ്പാടുകളിൽ മായില്ല, ആ ചിരി ; ബി എസ് സുമേഷിന്റെ ശിൽപ്പപ്രദർശനം

കൊച്ചി
കഷ്‌ടപ്പാടുകൾ സ്‌ത്രീയുടെ ചിരി മായ്ക്കുന്നില്ലെന്ന് സ്വന്തം കലാസിദ്ധിയിലൂടെ പറയുകയാണ് ശിൽപ്പി ബി എസ് സുമേഷ്. മരം എന്ന മാധ്യമത്തിൽ ആധുനിക കലയുടെ സാധ്യതകൾ സന്നിവേശിപ്പിച്ച് സുമേഷ് നിർമിച്ച ആലങ്കാരിക ശിൽപ്പങ്ങളുടെ പ്രദർശനം ‘ഐമി’ ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ചിരിച്ചുനിൽക്കുന്ന സ്‌ത്രീയുടെ മുഖത്തിനു താഴെ ഉടലിൽ അടുക്കളസാധനങ്ങൾ കുത്തിനിറച്ച സുമേഷിന്റെ ശിൽപ്പം ആരെയും ഒന്നു ചിന്തിപ്പിക്കും. വീട്ടിൽത്തന്നെ കഴിയേണ്ടിവന്ന സ്ത്രീയെയും അടുക്കളയുടെ ചുവരുകൾക്കുള്ളിൽ ബലിയർപ്പിക്കപ്പെട്ട അവളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചാണ് "ഒരിക്കലും മായാത്ത പുഞ്ചിരി' എന്ന ശിൽപ്പം പറയുന്നത്. സ്വന്തം അമ്മയുടെ സഹോദരിയുടെ മുഖമാണ് ശിൽപ്പത്തിന് നൽകിയിരിക്കുന്നതെന്ന് കലാകാരൻ പറഞ്ഞു. യുദ്ധഭീതിയിൽ നിൽക്കുന്ന പെൺകുട്ടിയുടെ ശിൽപ്പവും പ്രദർശനത്തിലുണ്ട്.
തനിക്ക് ആറുവയസ്സുള്ളപ്പോൾ വീട് പുലർത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ അന്യനാടുകളിൽ ജോലിക്ക് പോയതിനാൽ ചേട്ടനൊപ്പമായിരുന്നു വളർന്നത്. ജന്മനാടിന്റെ സാമൂഹിക-–-രാഷ്ട്രീയ പശ്ചാത്തലം സ്വാധീനം ചെലുത്തിയ സുമേഷിന്റെ ബാല്യകാലം സഹോദരന്റെ ലളിതമായ ജീവിതശൈലിയും കലാസൃഷ്ടികളുമാണ് രൂപപ്പെടുത്തിയത്.
കൊല്ലം ഇടമണ്ണിലെ കർഷകകുടുംബത്തിൽ 1997-ലാണ് സുമേഷിന്റെ ജനനം. ഹൈസ്കൂൾ പഠനശേഷം തിരുവനന്തപുരം വെള്ളായണി അമൃത ശിൽപ്പ ആർട്ട് ഗാലറിയിൽ പരമ്പരാഗതരീതിയിൽ കേരള ശിൽപ്പകല പഠിച്ചു. പിന്നീട് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ബിഎഫ്‌എയും തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽനിന്ന് എംഎഫ്എയും പൂർത്തിയാക്കി. മനീഷ് ഭാസ്‌കരൻ ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനം 31 വരെ തുടരും.









0 comments