മൂന്നു ചിത്രകാരന്മാർ, കാഴ്‌ചവിരുന്നായി കലാപ്രദർശനം

കൊച്ചി
കാഴ്‌ചയുടെയും ആസ്വാദനത്തിന്റെയും വ്യത്യസ്‌ത ലോകങ്ങൾ തുറന്നിട്ട് മൂന്നു ചിത്രകാരന്മാരുടെ ഏകാംഗ കലാപ്രദർശനം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടങ്ങി. അഖിൽ മോഹൻ, ടി ആർ ഉദയകുമാർ, സുകേശൻ കാങ്ക എന്നിവരുടെ പ്രദർശനമാണ് മൂന്നു ഗാലറികളിലായി ലളിതകലാ അക്കാദമി ഒരുക്കിയിട്ടുള്ളത്.
കാർഷികജീവിതത്തിന്റെ ആർക്കൈവുകളാണ് യുവ ചിത്രകാരൻ അഖിൽ മോഹന്റെ രചനകൾ. നഷ്‌ടമായതോ വീണ്ടെടുക്കേണ്ടതോ സംരക്ഷിക്കേണ്ടതോ ആയ മഹാ സംസ്‌കൃതിയെക്കുറിച്ചുള്ള മുന്നറിയിപ്പും ഓർമപ്പെടുത്തലുമൊക്കെയായി ഈ ചിത്രങ്ങളെ വായിക്കാം. നെല്ലും കതിരും പുല്ലും ഇടവിളകളുമെല്ലാം അഖിലിന്റെ രചനയിലെ തുല്യപ്രാധാന്യമുള്ള ഇമേജുകളാണ്. തൃപ്പൂണിത്തുറ ആർഎൽവിയിൽ കലാപഠനം നടത്തിയ അഖിൽ, രാമമംഗലം സ്വദേശിയാണ്. സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുണ്ട്. ആദ്യ ഏകാംഗ പ്രദർശനമാണിത്. ഓൾ ദാറ്റ് റിമൈൻസ് ഈസ് ദ ലൈൻസ് ആൻഡ് ഗ്രെയ്‌ൻസ് എന്ന് പേരിട്ട പ്രദർശനത്തിന്റെ ക്യുറേറ്റർ ഡോ. സുധീഷ് കോട്ടേമ്പ്രമാണ്.
ഇമേജുകളുടെയും പശ്ചാത്തലത്തിന്റെയും നിറങ്ങളുടെയും പ്രയോഗം സറിയലിസ്റ്റിക്കായ ആസ്വാദനാനുഭൂതി സമ്മാനിക്കുന്ന ചിത്രങ്ങളാണ് ടി ആർ ഉദയകുമാറിന്റെ ഡ്രീം സ്‌കേപ്‌സ് ഓഫ് ദ റിയൽ എന്ന് പേരിട്ട പ്രദർശനത്തിലുള്ളത്. പ്രകൃതിയോടും മനുഷ്യാവസ്ഥകളോടും ചേർന്നുനിൽക്കുന്ന ചിത്രകാരനുമാത്രം സങ്കൽപ്പിക്കാവുന്ന അപൂർവ സങ്കലനങ്ങൾ ഉദയകുമാറിന്റെ ചിത്രങ്ങളിൽ ഇടകലർത്തിയിരിക്കുന്നു. അവ ചുറ്റുപാടുകളെ മായ്‌ച്ചുകളയുന്ന ദൃശ്യസമ്പന്നമായൊരിടം ആസ്വാദകനിൽ സന്നിവേശിപ്പിക്കുന്നു. മാവേലിക്കര രാജാ രവിവർമ കോളേജിൽ കലാപഠനം പൂർത്തിയാക്കിയ ഉദയകുമാർ, സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുണ്ട്. ബിപിൻ ബാലചന്ദ്രനാണ് ക്യുറേറ്റർ.
യുദ്ധം, മഹാമാരി, പ്രകൃതിക്ഷോഭങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ജീവിതാനുഭവങ്ങളുടെ ആഴങ്ങളിലേക്ക് നോക്കുന്ന ചിത്രങ്ങളാണ് സുകേശൻ കാങ്കയുടേത്. ചുവപ്പ്, നീല, പച്ച നിറങ്ങൾ കൂടുതലായി ഉപയോഗിച്ചിട്ടുള്ള രചനകൾ പ്രമേയ തീക്ഷ്‌ണതയാലും ആവിഷ്‌കാര ദൃഢതയാലും ആസ്വാദകനിലേക്ക് ആഴ്‌ന്നിറങ്ങുന്നു. ബർഡൻസ് ആൻഡ് ബീയിങ് എന്ന് പേരിട്ട ഏകാംഗ പ്രദർശനം കലാനിരൂപകനായ ജോണി എം എൽ ആണ് ക്യുറേറ്റ് ചെയ്‌തിട്ടുള്ളത്. തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ കലാപഠനത്തിനുശേഷം ഡൽഹിയിൽ താമസിച്ച് കലാപ്രവർത്തനം നടത്തുന്നു.
പ്രദർശനങ്ങൾ 27 വരെ തുടരും. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് സന്ദർശനസമയം.









0 comments