പ്രതിഷേധിച്ചവരെ അറസ്‌റ്റ്‌ചെയ്‌തുനീക്കി കുടിയൊഴിപ്പിച്ചു

കടവന്ത്ര പൊന്നേത്ത് റോഡിൽ ആറുകണ്ടത്തിൽ ബിന്ദു ഷാജി, അമ്മ വിലാസിനി എന്നിവരെ വീട്ടിൽനിന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കംചെയ്യുന്നു
കൊച്ചി
വീട് ഒഴിപ്പിക്കാൻ എത്തിയ കോടതിജീവനക്കാരെ തടഞ്ഞ പ്രതിഷേധക്കാരെയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി ഒഴിപ്പിക്കൽനടപടി പൂർത്തിയാക്കി. കടവന്ത്ര പൊന്നേത്ത് റോഡിൽ പുറന്പോക്കിൽ താമസിക്കുന്ന ആറുകണ്ടത്തിൽ ബിന്ദു ഷാജിയുടെ വീടാണ് ജില്ലാ കോടതിയിൽനിന്ന് ആമീൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ എത്തി ഒഴിപ്പിച്ചത്.
മുമ്പ് മൂന്നുപ്രാവശ്യവും വീട് ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കാനാകാതെ തിരിച്ചുപോയി. അറസ്റ്റിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിന്ദു ഷാജിയെയും അമ്മ വിലാസിനിയെയും പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടറി കെ പി പ്രതീഷ്‌കുമാർ, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് ടി കെ വിജയൻ, സെക്രട്ടറി സി ടി വർഗീസ്, കെ ടി വിശ്വനാഥൻ, ജോസഫ് ഷാജി, ടി പി അജികുമാർ, എ ആർ സുനിത തുടങ്ങിയവരെ അറസ്‌റ്റ്‌ചെയ്‌ത് നീക്കിയശേഷമായിരുന്നു ഒഴിപ്പിക്കൽ.
40 വർഷത്തിലധികമായി ബിന്ദു ഷാജിയും കുടുംബവും പൊന്നേത്ത് റോഡിലെ പുറന്പോക്കിലാണ് താമസം. ബിന്ദു ഷാജിയുടെ വീടിരിക്കുന്ന മൂന്ന് സെന്റ് ഉൾപ്പെടെ 62 സെന്റ് പുറന്പോക്കുഭൂമിക്ക് വളഞ്ഞമ്പലം സ്വദേശിയും എതിർകക്ഷിക്കാരനുമായ രവീന്ദ്രന്റെ അച്ഛൻ 1995-ൽ പട്ടയം സമ്പാദിച്ചിരുന്നു. ബിന്ദു ഷാജിയും കുടുംബവും തന്റെ പറമ്പിൽ അനധികൃതമായി താമസിക്കുകയാണെന്നും അവിടെനിന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രവീന്ദ്രൻ 2017ൽ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. വിധി ബിന്ദു ഷാജിക്ക് അനുകൂലമായിരുന്നു. തുടർന്ന് രവീന്ദ്രൻ ജില്ലാ കോടതിയിൽ അപ്പീൽ കൊടുത്ത് അനുകൂലവിധി നേടി. വ്യാജരേഖ ചമച്ചാണ് ഭൂമി പോക്കുവരവ് ചെയ്തതെന്നും പട്ടയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌കെടിയു എറണാകുളം ഏരിയ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതിനിടെയാണ് ശനിയാഴ്‌ച താമസക്കാരെ ഒഴിപ്പിച്ചത്.
കടവന്ത്ര പൊന്നേത്ത് സൗത്ത് റോഡിൽ ബിന്ദു ഷാജിയുടെ കുടുംബത്തെ
ഒഴിപ്പിക്കുന്നത് തടഞ്ഞ കെഎസ-്കെടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു
പാവപ്പെട്ട കുടുംബത്തെ കുടിയിറക്കിയത് റദ്ദാക്കണം: കെഎസ്‌കെടിയു
കൊച്ചി
കടവന്ത്ര പൊന്നേത്ത് സൗത്ത് റോഡിൽ താമസിച്ചിരുന്ന ബിന്ദു ഷാജിയുടെ കുടുംബത്തെ പൊലീസ് ക്രൂരമായി ഒഴിപ്പിച്ച നടപടി റദ്ദാക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമാഫിയ വ്യാജമായി നേടിയ രേഖയുടെ ഭാഗമായിട്ടാണ് കുടുംബത്തിന് കുടിയൊഴിക്കൽ ഭീഷണിയുണ്ടായിരുന്നത്. അതിനെതിരെ അധികാരികൾക്ക് കെഎസ്‌കെടിയു പരാതി നൽകിട്ടുണ്ട്.
പലപ്രാവശ്യം കോടതി ഉദ്യോഗസ്ഥരും പൊലീസും ഒഴിപ്പിക്കലിന് ശ്രമിച്ചെങ്കിലും കെഎസ്‌കെടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതിനാൽ നടപടിയുണ്ടായില്ല. എന്നാൽ, ശനിയാഴ്‌ച ഉദ്യോഗസ്ഥർ പൊലീസിന്റെ നേതൃത്വത്തിൽ എത്തി പാവപ്പെട്ട കുടുംബത്തെ പ്രതിഷേധത്തിനിടയിലും ഒഴിപ്പിച്ച നടപടിയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബുവും പ്രസിഡന്റ് എൻ സി ഉഷാകുമാരിയും പ്രതിഷേധിച്ചു.










0 comments