കൈപിടിച്ചുപോകാൻ ചിറ്റയില്ല, തേങ്ങലോടെ അനുരാഗും ആവണിയും

ലതയുടെ മൃതദേഹത്തിനരികെ സഹോദരൻ മാധവന്റെ മക്കളായ അനുരാഗും ആവണിയും
എൽദോ ജോൺ
Published on May 01, 2026, 03:22 AM | 1 min read
രാമമംഗലം
ആദ്യ വിമാനയാത്രയുടെ കഥകൾ കേൾക്കാൻ കാത്തിരുന്ന അനുരാഗിനും ആവണിക്കും മുന്നിലേക്ക് പ്രിയപ്പെട്ട ചിറ്റയെത്തിയത് ചേതനയറ്റ ഓർമയായാണ്. ലതയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് ഇരുവരും നിലവിളിച്ചപ്പോൾ നാടിന്റെയാകെ നെഞ്ചുപൊള്ളി. ബംഗളുരുവിലെ അപകടത്തിൽ മരിച്ച ലതയുടെ സഹോദരൻ മാധവന്റെ മക്കളാണ് അനുരാഗും ആവണിയും.
‘‘ജീവനെങ്കിലും ബാക്കിതന്നെങ്കിൽ ഞങ്ങളുടെ ചിറ്റയെ ഞങ്ങൾ പൊന്നുപോലെ നോക്കിയേനെ...’’എന്ന കുട്ടികളുടെ നിലവിളി കൂടിനിന്ന ബന്ധുക്കളുടെ അലമുറയായി. വ്യാഴം പകൽ രണ്ടോടെയാണ് മനയ്ക്കക്കുടിയിൽ വീട്ടിലേക്ക് ലതയുടെ മൃതദേഹമെത്തിച്ചത്.
റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ മാധവനും ഭാര്യ ഷൈനിയും മക്കളുമായിരുന്നു ലതയുടെ ലോകം. ശാരീരിക അവശതകൾക്കിടയിലും 20 വർഷമായി അമൃതംപൊടി നിർമാണ യൂണിറ്റിൽ ജോലിചെയ്തുവരികയായിരുന്നു ലത. വ്യാഴം വൈകിട്ട് അഞ്ചാടെ മേമ്മുറി സമുദായം ശ്‌മശാനത്തിൽ സംസ്കരിച്ചു. ചെറിയാൻ–കുഞ്ഞുപെണ്ണ് ദമ്പതികളുടെ മൂത്തമകളാണ് ലത. സഹോദരങ്ങൾ: മാധവൻ, കൃഷ്ണൻകുട്ടി.










0 comments