തട്ടിക്കൂട്ട് മാസ്റ്റർപ്ലാൻ: ജനവാസമേഖലയിലെ റോഡ് വികസനം പ്രായോഗികമല്ല

നഗരസഭയുടെ തട്ടിക്കൂട്ട് മാസ്റ്റർപ്ലാനിൽനിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് എൽഡിഎഫ് കൗൺസിലർമാരും നാട്ടുകാരും ചേർന്ന് കൂട്ടപ്പരാതി നൽകുന്നു
അങ്കമാലി
ദീർഘവീക്ഷണവും പ്രായോഗികതയുമില്ലാതെ തട്ടിക്കൂട്ടിയ അങ്കമാലി നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള നാല്, 26, 27 വാർഡുകളിലെ ജനവാസമേഖലയിലെ റോഡ് വികസനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൂട്ടപ്പരാതി നൽകി. നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ ചെയർപേഴ്‌സണും സെക്രട്ടറിക്കും പരാതി നൽകിയത്.
അങ്കമാലി സെന്റ് ജോസഫ് സ്‌കൂളിനുമുന്നിലെ ദേശീയപാതയിൽനിന്ന് തുടങ്ങി ബസിലിക്ക പള്ളിവഴി അങ്ങാടിക്കടവ് സെന്റ് ജോർജ് ചാപ്പലിലെത്തുന്ന റോഡ് എട്ട് മീറ്റർ വീതി കൂട്ടി വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുമെന്നാണ് യുഡിഎഫ് ഭരണസമിതിയുടെ വാദം. എന്നാൽ, ഈ റോഡ് വികസിപ്പിച്ചതുകൊണ്ട് ഒരിക്കലും കുരുക്കഴിയാൻപോകുന്നില്ലെന്നും മറിച്ച് സങ്കീർണമാകുമെന്നാണ് നാട്ടുകാരുടെ വാദം. അങ്കമാലിയുടെ ഗതാഗതക്കുരുക്ക് അഴിയണമെങ്കിൽ നിർദിഷ്‌ട അങ്കമാലി ബൈപാസും അങ്കമാലി–കുണ്ടന്നൂർ പാതയും യാഥാർഥ്യമാക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിലും ബൈപാസ് മുഖ്യപ്രചാരണ വിഷയമായിരുന്നു. അങ്കമാലി ബൈപാസിന് എൽഡിഎഫ് ഭരണകാലത്ത് 275 കോടി രുപ കിഫ്ബിയിൽ അനുവദിച്ചതാണ്. ബൈപാസ് ഒഴിവാക്കാൻവേണ്ടിയാണ് ഇപ്പോൾ മാസ്റ്റർ പ്ലാനിൽ തിരുകിക്കയറ്റിയിട്ടുള്ള റോഡ് വികസനമെന്ന് നാട്ടുകാർ സംശയിക്കുന്നു. പ്രദേശവാസികൾ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.











0 comments