ad
Deshabhimani

തൂഫാനിൽ പിടിച്ചത്‌ 132; 
റിമാൻഡിൽ 19 പേർ മാത്രം

തൂഫാൻ
വെബ് ഡെസ്ക്

Published on Jul 04, 2026, 02:30 AM | 1 min read

കണ്ണൂർ

മയക്കുമരുന്നിനെതിരെ പൊലീസ്‌ ആരംഭിച്ച തൂഫാൻ പരിശോധനയിൽ ജില്ലയിൽ ഇതുവരെ പിടിയിലായത്‌ 132 പേർ. എന്നാൽ, 19 പേരെ മാത്രമെ റിമാൻഡിലാക്കാൻ കഴിഞ്ഞുള്ളൂ. പിടിയിലായ 113 പേരും സ്‌റ്റേഷൻ ജാമ്യത്തിലിറങ്ങി. മയക്കുമരുന്ന്‌ നിരോധന നിയമപ്രകാരമുള്ള കേസിലെ പഴുതുകൾ ഉപയോഗിച്ചാണ്‌ പ്രതികൾ ഉടൻ പുറത്തിറങ്ങുന്നത്‌. പുറത്തിറങ്ങിയ ക്രിമിനൽ പശ്‌ചാത്തലമുള്ളവർ തങ്ങളെക്കുറിച്ച്‌ പൊലീസിന്‌ വിവരം നൽകിയവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്‌. തൂഫാനിലൂടെ വ്യാപകമായി മയക്കുമരുന്ന്‌ പിടിക്കുന്നുവെന്ന വാർത്ത വരുത്താൻ, നിസ്സാര കേസിട്ട്‌ എണ്ണം പെരുപ്പിക്കുകയാണെന്നും പറയുന്നു. മുൻകാലത്തും സമാനമായ രീതിയിൽ പൊലീസ്‌ നടപടിയുണ്ടായിരുന്നു. ഇപ്പോൾ തൂഫാൻ എന്ന പേരിൽ വന്പൻ പ്രചാരണം നടത്തിയാണ്‌ കേസെടുക്കുന്നത്‌ എന്നുമാത്രം. മയക്കുമരുന്ന്‌ നിരോധന നിയമപ്രകാരം ജില്ലയിൽ 111 കേസെടുത്തിട്ടുണ്ട്‌. ഇതിൽ 385.193 ഗ്രാം എംഡിഎംഎ, 40.109 കിലോ കഞ്ചാവ്‌, 79 കഞ്ചാവ്‌ ബീഡി, നാല്‌ എംഡിഎംഎ ഉപയോഗം, 38 ഗ്രാം ഹാഷിഷ്‌ ഓയിൽ, നാല്‌ കഞ്ചാവ്‌ ചെടി, 1.695 ഗ്രാം ബ്ര‍ൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു. കൂടുതലും കഞ്ചാവ്‌ കൈവശം വച്ചതിനാണ്‌ അറസ്‌റ്റ്‌. ഒരുകിലോയിൽ കൂടുതൽ ഉണ്ടെങ്കിലേ ജാമ്യം റദ്ദാക്കാൻ പറ്റൂ. പിടിച്ച മിക്ക കേസും ഒരുകിലോയിൽ താഴെയാണ്‌. ചെറിയ അളവിൽ മയക്കുമരുന്ന്‌ കൈവശം വച്ചതിന്‌ 18 പേർക്കെതിരെ 17 കേസും കൂടുതൽ കൈവശം വച്ചതിന്‌ ഏഴുകേസും എടുത്തിട്ടുണ്ട്‌. കൂടുതൽ കൈവശം വച്ച 10 പേരെ അറസ്‌റ്റും ചെയ്‌തു. വിൽപനക്കായി മയക്കുമരുന്ന്‌ എത്തിച്ച നാല്‌ കേസെടുത്തതിൽ 10 പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home