അനീഷിന് ജീവിതയാത്രയിൽ കൂട്ടാകും ഇൗ ഓട്ടോ

വൈപ്പിൻ
വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട മുരിക്കുംപാടം പുതുവൽസ്ഥലത്ത് വീട്ടിൽ അനീഷിന് (32) ജീവനോപാധിയായി ഓട്ടോ നൽകി ആസ്റ്റർ ഡിഎം ഫൗണ്ടേഷനും പീസ് വാലിയും. ഭിന്നശേഷിക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയ ഓട്ടോയാണ് നൽകിയത്. കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഓട്ടോയുടെ താക്കോൽ അനീഷിന് കൈമാറി.
ഏഴുവർഷംമുന്പ് സംഭവിച്ച വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അനീഷിന്റെ ജീവിതം വീൽചെയറിലാണ്. ഓട്ടോ ഓടിച്ച് ജീവിക്കാനുള്ള ആഗ്രഹം പീസ് വാലി ഉപാധ്യക്ഷൻ രാജീവ് പള്ളുരുത്തിയാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷനെ അറിയിച്ചത്. മികച്ച ഗായകൻകൂടിയാണ് അനീഷ്. കൈകൊണ്ട് ബ്രേക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റിയും വീൽചെയറിൽനിന്ന് പരസഹായമില്ലാതെ കയറാൻ ഉതകുന്ന രീതിയിൽ പുഷ് ബാക്ക് സീറ്റ്, അധിക ഫുട്ട് റെസ്റ്റുകൾ, ഹാൻഡിലുകൾ എന്നിവയാണ് പ്രധാനമാറ്റങ്ങൾ. ചടങ്ങിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ജോൺ ജോഷി, എം ലത്തീഫ് കാസിം, രാജീവ് പള്ളുരുത്തി എന്നിവർ സംസാരിച്ചു.











0 comments