ആലുവ മാർത്താണ്ഡവർമ പാലം
അറ്റകുറ്റപ്പണികൾക്കുശേഷം നവംബർ 5ന് തുറക്കും

1) ആലുവ മാർത്താണ്ഡവർമ പാലത്തിലെ ഗർഡറുകൾ തമ്മിലുള്ള ജോയിന്റുകളിൽ എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിങ് നടത്തുന്നു 2) എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ചശേഷം
ആലുവ
ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണിക്കുശേഷം നവംബർ അഞ്ചിന് തുറക്കും. പ്രധാന അറ്റകുറ്റപ്പണി നടക്കുന്ന പാലത്തിലെ ഗർഡറുകൾ തമ്മിലുള്ള എ വൺ, പി വൺ, പി ടു, എ ടു എന്നീ നാല് ജോയിന്റുകളിലും എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കി. അതിവേഗത്തിൽ ഉറയ്‌ക്കുന്ന മൈക്രോ കോൺക്രീറ്റിങ്ങാണ് ചെയ്തത്.
കോൺക്രീറ്റിങ് ഉറയ്‌ക്കാൻ എടുക്കുന്ന നാലോ അഞ്ചോ ദിവസങ്ങൾക്കുശേഷം പാലം തുറക്കാനാണ് ആലോചിക്കുന്നത്. എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബർ ബുഷ് ഘടിപ്പിക്കലും ഇതിനിടയിൽ പൂർത്തിയാക്കും. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗർഡറുകൾക്കിടയിലുള്ള ചാട്ടം ഒഴിവാകും. നിലവിൽ മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിലൂടെയാണ് വാഹനങ്ങൾ ഇരുവശത്തേക്കും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ എറണാകുളം ഭാഗത്തേക്കും അങ്കമാലി ഭാഗത്തേക്കും വലിയ ഗതാഗതക്കുരുക്കാണ് ദേശീയപാതയിൽ അനുഭവപ്പെടുന്നത്.
ദേശം പാലം അറ്റകുറ്റപ്പണി ഞായറാഴ്ച തുടങ്ങും. ദേശീയപാതയിലെ ദേശം പാലത്തിന്റെ പകുതിഭാഗത്തെ അറ്റകുറ്റപ്പണി ഞായറാഴ്ച ആരംഭിക്കും. അറ്റകുറ്റപ്പണി ചെയ്യാത്ത പകുതിഭാഗത്തിലൂടെ ഒരുവരി ഗതാഗതം അനുവദിക്കും. സമാന്തരമായുള്ള പുതിയ പാലത്തിലൂടെ സാധാരണനിലയിലുള്ള ഗതാഗതവും ഉണ്ടാകും. അറ്റകുറ്റപ്പണിക്കുശേഷം വെള്ളിയാഴ്ചയോടെ ദേശം പാലവും ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഗതാഗതനിയന്ത്രണത്തിനായി വലിയതോതിൽ പൊലീസിനെയും സജ്ജീകരിച്ചിട്ടുണ്ട്.









0 comments