Deshabhimani

ആലുവ നഗരസഭ

ധനകാര്യകമീഷൻ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് എൽഡിഎഫ്

LDF
വെബ് ഡെസ്ക്

Published on Oct 19, 2026, 02:13 AM | 1 min read

ആലുവ


ആലുവ നഗരസഭയ്ക്ക് കേന്ദ്ര ധനകാര്യകമീഷൻ ഗ്രാന്റായി ലഭിച്ച 7.14 കോടി രൂപയുടെ വിനിയോഗത്തിൽ വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി എൽഡിഎഫ്. തുക വകമാറ്റാനും അനാവശ്യ പദ്ധതികൾക്കായി ചെലവഴിക്കാനുമാണ് യുഡിഎഫ്‌ ഭരണസമിതിയുടെ നീക്കമെന്ന് പ്രതിപക്ഷനേതാവ് ശ്യാം പത്മനാഭൻ ആരോപിച്ചു. ഇതുസംബന്ധിച്ച അടിയന്തര കൗൺസിൽ അജൻഡയ്‌ക്കെതിരെ എൽഡിഎഫ്‌ കൗൺസിലർമാർ വിയോജിച്ചു.


ടൈഡ് ഫണ്ട് വകമാറ്റുന്നു​


ശുചിത്വം, മാലിന്യസംസ്‌കരണം, കുടിവെള്ളം എന്നിവയ്ക്കുള്ള ടൈഡ് ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് വകയിരുത്തുന്നത് ധനകാര്യ കമീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. പ്രിയദർശിനി, മഹാത്മാഗാന്ധി ടൗൺഹാളുകൾ നവീകരിക്കുന്നതിനുപകരം അവിടെ മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാൻ രണ്ടുകോടി നീക്കിവച്ചതായി ക‍ൗൺസിലിൽ അവതരിപ്പിച്ച വാർഷിക പദ്ധതിരേഖകളിൽ വ്യക്തമാക്കുന്നു. നഗരസഭ ഓഫീസിനുമുന്നിലും മുനിസിപ്പൽ പാർക്കിലും എൽഇഡി വാളുകൾ സ്ഥാപിക്കാൻ ടൈഡ് ഫണ്ടിൽനിന്ന് യഥാക്രമം 20 ലക്ഷം, 25 ലക്ഷം എന്നിങ്ങനെ വകയിരുത്താനാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന 40 കടമുറികൾക്കുമുന്നിൽ ടൈൽ പാകാനും ടൈഡ് ഫണ്ട് വകയിരുത്തി. ​


വെള്ളക്കെട്ടും റോഡുകളുടെ ശോച്യാവസ്ഥയും അവഗണിച്ചു​


അൺടൈഡ് ഫണ്ടിലെ 3.57 കോടി വിനിയോഗത്തിലും ഗുരുതര വീഴ്ചകളുണ്ട്. പട്ടണത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാനും തകർന്ന റോഡുകൾ നന്നാക്കാനും തുക വകയിരുത്താതെ പ്രാധാന്യം കുറഞ്ഞ പദ്ധതികൾക്കായി ഫണ്ട് ചെലവഴിക്കാനാണ്‌ നീക്കം. ചില പദ്ധതികൾ വർക്കിങ് ഗ്രൂപ്പ് അംഗീകാരമോ എസ്റ്റിമേറ്റോ ഇല്ലാതെയാണ് കൗൺസിലിൽ അവതരിപ്പിച്ചത്.


മാലിന്യ സംസ്‌കരണത്തിനായി 75 ലക്ഷം വകയിരുത്തിയിരിക്കെ, വീണ്ടും 9 ലക്ഷവും 8.43 ലക്ഷവും ഉൾപ്പെടുത്തിയത് ആവർത്തനച്ചെലവിന് ഇടയാക്കും. വിഷയത്തിൽ ജില്ലാ പ്ലാനിങ് കമ്മിറ്റിക്കും ഓഡിറ്റ് വിഭാഗത്തിനും പരാതി നൽകുമെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു, കൗൺസിലർമാരായ പി ആർ രാജേഷ്, പി എം ഹിജാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home