പിഞ്ചുകുഞ്ഞ് നടുറോഡിൽ: ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

എടയപ്പുറത്തെ പ്രീ -സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി റോഡിലെത്തിയ കുട്ടിയെ കണ്ട് (വൃത്തത്തിൽ) ലോറി നിർത്തിയപ്പോൾ
ആലുവ
എടയപ്പുറത്തെ പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടരവയസ്സുകാരൻ മിനിലോറി ഡ്രൈവറുടെ ജാഗ്രതയിൽ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ആലുവ–എടയപ്പുറം റോഡിൽ വ്യാഴം രാവിലെ 10.30ന് ആയിരുന്നു സംഭവം. സമയോചിതമായി ഇടപെട്ട ഡ്രൈവറുടെ ജാഗ്രതയാണ് വൻ ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തുനിന്ന് എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം.
റോഡരികിലെ പ്രീ-സ്കൂളിൽനിന്ന് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്ന് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതേസമയം അതുവഴി വന്നിരുന്ന മിനിലോറിയുടെ ഡ്രൈവർ ഹോൺ മുഴക്കുകയും വാഹനം നിർത്തുകയും ചെയ്തു. വാഹനത്തിൽനിന്ന് ഓടിയിറങ്ങിയ ഡ്രൈവറും സഹപ്രവർത്തകരും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡിൽനിന്ന് മാറ്റി. ഹോൺ മുഴക്കി സമീപവാസികളെ കൂട്ടിയശേഷം ബന്ധപ്പെട്ടവരെ അറിയിച്ച് കുട്ടിയെ സുരക്ഷിതമായി കൈമാറി.
കുട്ടി സ്കൂളിൽനിന്ന് പുറത്തുപോയത് അധികൃതർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. സ്കൂളിൽ പെയിന്റിങ് ജോലികൾ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്ന് അധികൃതർ പറയുന്നു.










0 comments