വീഴ്‌ചയിൽ തളർന്നില്ല, കുതിച്ചത് ചരിത്രത്തിലേക്ക്

ആല്‍ഫിയ ജെയിംസ്
ഷെഹിൻഷാ
Published on Oct 29, 2026, 02:32 AM | 1 min read
കൊച്ചി
പോരാട്ടങ്ങളുടെ കഥയാണ് ആൽഫിയക്ക് പറയാനുള്ളത്. ജപ്പാനില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസിലെ ചരിത്രനേട്ടമാണ് അവസാനത്തേത്. 17–ാം വയസ്സിലെ വീഴ്ച മൂവാറ്റുപുഴ പിറമാടം സ്വദേശി ആല്‍ഫിയ ജെയിംസിന്റെ ജീവിതം വീൽചെയറിലാക്കിയെങ്കിലും സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് അതൊരു തടസ്സമായില്ല. ഏഷ്യൻ പാരാ ഗെയിംസ് വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ പല്ലവി കലുവെഹള്ളിക്കൊപ്പം വെങ്കലമെഡൽ നേടിയ ആൽഫിയ ഇന്ന് നാടിന്റെ അഭിമാനമാണ്. വീൽചെയർ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽനേട്ടമാണിത്. ബാഡ്മിന്റണ്‍ സിംഗിള്‍സ്, മിക്സഡ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയും എത്തി.
ജീവിതം മാറ്റിമറിച്ച 2017
തൊടുപുഴ മുട്ടത്ത് പ്ലസ്ടു പഠിക്കുന്ന സമയം. ഹോസ്‌റ്റലിന്റെ മൂന്നാംനിലയിലെ ടെറസിൽ ഉണങ്ങിയ തുണികളെടുക്കാൻ കയറിയതായിരുന്നു. പെട്ടെന്ന് കാൽവഴുതി താഴേക്കുവീണു. നട്ടെല്ലിനായിരുന്നു പരിക്ക്. മൂന്നുവർഷം നീണ്ട ചികിത്സയ്ക്കും ബിരുദപഠനത്തിനുമിടയിലാണ് പാരാഗെയിംസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അമ്മ ബിജി ബംഗളൂരുവിൽ നഴ്‌സായിരുന്നു. ചികിത്സയും പഠനവുമായി ബന്ധപ്പെട്ട് അമ്മ ജോലി ഉപേക്ഷിച്ചു. അച്ഛന്‍ കെ എ ജെയിംസ് ആൽഫിയയുടെ ബാല്യകാലത്ത് മരിച്ചു.
യുട്യൂബിൽ കണ്ട പാരാബാഡ്മിന്റൺ
ചെറുപ്പത്തില്‍ അത്‌ലറ്റിക്സിന് പ്രാധാന്യം നൽകിയിരുന്നു. പഠനകാലത്ത് ബാസ്‌കറ്റ്ബോളിലും മികവുതെളിയിച്ചു. അപകടശേഷം 2020ൽ ടോക്കിയോയിൽ നടന്ന പാരാലിംപിക്സ് മത്സരങ്ങൾ യുട്യൂബിൽ കണ്ടാണ് പാരാബാഡ്മിന്റണെക്കുറിച്ച് അറിയുന്നത്.
2021ല്‍ പാരാബാഡ്മിന്റണ്‍ പ്രാക്ടീസ് തുടങ്ങി. 2022ൽ ആദ്യ ദേശീയ മത്സരത്തിനുപോയി. മൂന്നുവർഷമായി ദുബായിലാണ്. എലൈറ്റ് വ്യവസായ ഗ്രൂപ്പ് ദുബായിലെ ഓഫീസിൽ ജോലി നൽകി. പരിശീലനത്തിനുള്ള പിന്തുണയും നൽകുന്നുണ്ട്.
ഈ വർഷം ബഹ്‌റൈനിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ വെള്ളിയും ലഭിച്ചിരുന്നു.
ഏറെ അഭിമാനം
മെഡല്‍നേട്ടത്തില്‍ വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. വീല്‍ചെയര്‍ കാറ്റഗറിയില്‍ ഇന്ത്യക്കായി ആദ്യമെഡല്‍ നേടാനായി എന്നതാണ് ഏറ്റവും അഭിമാനം. കേരളത്തില്‍ പാരാ ഗെയിംസിന് കുറച്ചുകൂടി പിന്തുണ ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കണം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ.









0 comments