ad
Deshabhimani

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ 
പിൻവലിക്കുംവരെ പ്രക്ഷോഭം: എളമരം കരീം

അഖിലേന്ത്യാ പണിമുടക്ക്‌ ; ഐക്യദാർഢ്യമേകി ജില്ല

All India General Strike

ദേശീയ പണിമുടക്കിനെ തുടർന്ന് വൈറ്റില ഹബ്ബിൽ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസുകൾ

വെബ് ഡെസ്ക്

Published on Feb 13, 2026, 02:45 AM | 4 min read

കൊച്ചി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, ജനദ്രോഹ നയങ്ങൾക്ക്‌ ശക്തമായ താക്കീതായി സംയുക്ത ട്രേഡ്‌ യൂണിയൻ നടത്തിയ അഖിലേന്ത്യാ പണിമുടക്ക്‌ ജില്ലയിൽ പൂർണം. തൊഴിലാളികളും ജീവനക്കാരും ഒരേ മനസ്സോടെ പണിമുടക്കിന്‌ ഐക്യദാർഢ്യമേകി തങ്ങളുടെ പ്രതിഷേധം അറിയിച്ചു.


കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. സ്‌കൂൾ, കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന്‌ പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. പന്പയിലേയ്‌ക്കുള്ള കെഎസ്‌ആർടിസി ബസ്‌ മാത്രമാണ്‌ സർവീസ്‌ നടത്തിയത്‌. ചുരുക്കം സ്വകാര്യവാഹനങ്ങൾ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. ഇൻഫോപാർക്കിൽ കൂടുതൽ കന്പനികളും ജീവനക്കാർക്ക്‌ വർക് ഫ്രം ഹോം സ‍ൗകര്യമൊരുക്കി. നഗരത്തിലെ സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പത്രം, പാൽ, ആശുപത്രി, മെഡിക്കൽ സ്‌റ്റോർ എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ എന്നിവ സർവീസ്‌ നടത്തി.


കൊച്ചി തുറമുഖം, കപ്പൽശാല, ബിപിസിഎൽ കൊച്ചി റിഫൈനറി, എച്ച്പിസിഎൽ, ഐഒസി, ഫാക്ട്, എച്ച്എംടി, ഐആർഇ, ബിഎസ്എൻഎൽ, കാക്കനാട്‌ പ്രത്യേക സാന്പത്തിക മേഖല, ടിസിസി, ടെൽക്, കെബിപിഎസ്, കെൽ, എംപിഐ, കാംകോ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ബാങ്ക് എന്നീ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി.


ഹെഡ്‌ലോഡ്, നിർമാണമേഖല, ഓട്ടോറിക്ഷ, ബസ്, ലോറി, മിനിലോറി, പാഴ്‌സൽ, ആശമാർ, അങ്കണവാടി, പാചകത്തൊഴിലാളികൾ, സംസ്ഥാന–കേന്ദ്ര സർക്കാർ ജീവനക്കാർ തുടങ്ങിയ എല്ലാവിഭാഗം ജീവനക്കാരും കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിൽ അണിചേർന്നു. വിവിധ മേഖലകളിലെ കരാർത്തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളായി.


സിവിൽ സർവീസ് 
മേഖലയിലും പൂർണം

സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ജില്ലയിലെ സിവിൽ സർവീസ് മേഖലയിൽ പൂർണം. കലക്ടറേറ്റ്, തദ്ദേശവകുപ്പ് ജോയിന്റ്‌ ഡയറക്ടർ ഓഫീസ്, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജിഎസ്‌ടി ഓഡിറ്റ് ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഫിഷറീസ് കോംപ്ലക്സ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.


ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും ആഭിമുഖ്യത്തിൽ പണിമുടക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ജില്ലയിലെ 80 ശതമാനം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.


റാലിയിൽ പ്രതിഷേധമിരമ്പി

ദേശീയ പണിമുടക്കിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന റാലികളിലും ധർണകളിലും ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധമിരന്പി. നൂറുകണക്കിന്‌ തൊഴിലാളികൾ റാലിയിലും ധർണയിലും പങ്കെടുത്തു. ജില്ലയിൽ 22 കേന്ദ്രങ്ങളിൽ സമരകൂട്ടായ്‌മ സംഘടിപ്പിച്ചു.


എറണാകുളം ബോട്ട്ജെട്ടിയിൽ ചേർന്ന യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്‌തു. കെ എൻ ഗോപി അധ്യക്ഷനായി. പി ആർ മുരളീധരൻ, തമ്പാൻ തോമസ്, കെ ചന്ദ്രൻപിള്ള, ടോമി മാത്യു, ബിജു തേറാട്ടിൽ, കെ എസ് കൃഷ്‌ണകുമാർ, ടി സി സഞ്ജിത്, അമൻ സോഹൻ, ആശിഷ്, എസ് ആനന്ദ്, ടി മായാദേവി, സുനിൽകുമാർ, സി കെ മണിശങ്കർ, കെ വി മനോജ്, എം പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


പറവൂരിൽ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്‌തു. പി കെ സോമൻ അധ്യക്ഷനായി. അമ്പലമുകളിൽ കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്‌തു. എം കെ വിശ്വപ്പൻ അധ്യക്ഷനായി. തോപ്പുംപടിയിൽ പി എസ് ആഷിഖ് ഉദ്ഘാടനം ചെയ്‌തു. കെ എ എഡ്‌വിൻ അധ്യക്ഷനായി. കാക്കനാട് സിഐടിയു ജില്ലാ ട്രഷറർ സി കെ പരീത് ഉദ്ഘാടനം ചെയ്തു. എ പി ഷാജി അധ്യക്ഷനായി. സ്പെഷ്യൽ ഇക്കണോമിക് സോണിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്‌തു. സതിമോൾ അധ്യക്ഷയായി.


കൂത്താട്ടുകുളത്ത്‌ ഐഎസ്എൽസി സംസ്ഥാന പ്രസിഡന്റ്‌ കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്‌തു. പി വി പ്രകാശൻ അധ്യക്ഷനായി. മൂവാറ്റുപുഴയിൽ കർഷകസംഘം സംസ്ഥാന ട്രഷാർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്‌തു. സി കെ സോമൻ അധ്യക്ഷനായി. ബിപിസിഎൽ ഗേറ്റിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. എം പി മനോജ് അധ്യക്ഷനായി. പിറവത്ത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് മോഹനൻ ഉദ്‌ഘാടനം ചെയ്തു. സി എൻ സദാമണി അധ്യക്ഷയായി. വൈപ്പിനിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്‌ബർ ഉദ്ഘാടനം ചെയ്‌തു. എ എസ് രതീഷ് അധ്യക്ഷനായി.


കോലഞ്ചേരിയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ ഏലിയാസ്‌ ഉദ്ഘാടനം ചെയ്‌തു. എം എൻ മോഹനൻ അധ്യക്ഷനായി. പള്ളുരുത്തി വെളിയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ പി ശെൽവൻ ഉദ്ഘാടനം ചെയ്‌തു. വി എ ശ്രീജിത് അധ്യക്ഷനായി.

കളമശേരിയിൽ കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു. എം എ നൗഷാദ് അധ്യക്ഷനായി. ഏലൂരിൽ പി എ ഷിബു ഉദ്‌ഘാടനം ചെയ്‌തു. എം ടി നിക്‌സൺ അധ്യക്ഷനായി. ആലുവയിൽ എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ സന്തോഷ്‌ബാബു ഉദ്ഘാടനം ചെയ്‌തു. പി എം സഹീർ അധ്യക്ഷനായി. അത്താണിയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം തമ്പി പോൾ ഉദ്ഘാടനം ചെയ്തു. ഏലിയാസ്‌ അധ്യക്ഷനായി.


വിമാനത്താവളത്തിനുമുന്നിൽ തമ്പി പോൾ ഉദ്ഘാടനം ചെയ്തു. പി ആർ സതീഷ്‌കുമാർ അധ്യക്ഷനായി. അങ്കമാലിയിൽ കെ കെ ഷിബു ഉദ്‌ഘാടനം ചെയ്‌തു. സി കെ ബിജു അധ്യക്ഷനായി. പെരുമ്പാവൂരിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷറഫ് ഉദ്ഘാടനം ചെയ്‌തു. രാജേഷ് കാവുങ്കൽ അധ്യക്ഷനായി. കോതമംഗലത്ത് എഐടിയുസി സംസ്‌ഥാന വൈസ് പ്രസിഡന്റ് ബാബു പോൾ ഉദ്ഘാടനം ചെയ്‌തു. എം എസ് ജോർജ് അധ്യക്ഷനായി. നിറ്റ ജലാറ്റിനുമുന്നിൽ കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്‌തു. കെ ആർ ജയചന്ദ്രൻ അധ്യക്ഷനായി. ഇരുമ്പനത്ത് സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. സി എം ഗിരീഷ് അധ്യക്ഷനായി.


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ 
പിൻവലിക്കുംവരെ പ്രക്ഷോഭം: എളമരം കരീം

തൊഴിലാളികളുടെ മ‍ൗലികാവകാശങ്ങൾ റദ്ദാക്കുന്ന നാല്‌ ലേബർ കോഡുകൾ കേന്ദ്രം പിൻവലിക്കുംവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന്‌ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. ദേശീയ പണിമുടക്കിനോടനുബന്ധിച്ച്‌ എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


elamaram kareem


കൂട്ടായ വിലപേശലിലൂടെയാണ്‌ തൊഴിലാളികൾ ആനുകൂല്യങ്ങൾ നേടിയെടുത്തതും സംരക്ഷിച്ചതും. രാജ്യത്തെ വിവിധ വിഭാഗം തൊഴിലാളികളുടെ വലിയ പിന്തുണയാണ്‌ ദേശീയപണിമുടക്കിന്‌ ലഭിച്ചത്‌. ആവശ്യങ്ങൾ നേടുംവരെ ശക്തമായ പ്രക്ഷോഭത്തിന്‌ തൊഴിലാളികൾ സന്നദ്ധമാകണമെന്നും എളമരം കരീം പറഞ്ഞു. പാർലമെന്റിൽപ്പോലും വേണ്ടത്ര ചർച്ചചെയ്യാതെ തൊഴിലാളികളുടെമേൽ കേന്ദ്രം അടിച്ചേൽപ്പിച്ച ലേബർ കോഡ്‌ എങ്ങനെ നടപ്പാക്കാതിരിക്കാം എന്ന്‌ ചിന്തിച്ചത്‌ കേരളം മാത്രമാണ്‌. ഇത്‌ ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ ലേബർ കോൺക്ലേവ്‌ വിളിച്ചുചേർത്തതും കേരളത്തിൽ മാത്രമാണ്‌. പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു. വി ഡി സതീശനും യുഡിഎഫ് നേതാക്കളും നടത്തുന്ന ജാഥ മാറ്റിവയ്‌ക്കേണ്ടതായിരുന്നു.


പണിമുടക്കിന്‌ കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംയുക്തമായാണ് ദേശീയതലത്തിൽ സമരം നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഐഎൻടിയുസിയെ കേരളത്തിലെ കോൺഗ്രസ് വിലക്കി. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും പണിമുടക്കിനെ തമസ്കരിച്ചു. ഒരു മാധ്യമംപോലും തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച്‌ ലേഖനം പ്രസിദ്ധീകരിച്ചില്ല. പണിമുടക്കുദിവസം എന്തെങ്കിലും അക്രമം ഉണ്ടാകുമോ എന്ന്‌ മാത്രമാണ്‌ മാധ്യമങ്ങൾ ശ്രദ്ധിച്ചതെന്നും എളമരം കരീം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home