സിയാൽ റെയിൽവേ സ്‌റ്റേഷൻ നിർമാണത്തിന് തുടക്കം

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നതിന് മുന്നോടിയായി നിലമൊരുക്കൽ ജോലികൾ ആരംഭിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on May 06, 2026, 12:10 AM | 1 min read
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ചിരകാലസ്വപ്‌നമായ നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണപ്രവൃത്തിക്ക് തുടക്കം. യന്ത്രസഹായത്തോടെ റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലെയും നിലമൊരുക്കുന്ന ജോലികളാണ് ആരംഭിച്ചത്. ജനുവരിയിൽ ആരംഭിച്ച ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. അങ്കമാലി സുവിധ എന്റർപ്രൈസസിനാണ് കരാർ.
വിമാനത്താവളത്തിലെ റെയിൽവേ മേൽപ്പാലത്തിനുസമീപം ആവണംകോട് റോഡിനുസമീപമാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. റെയിൽവേയുടെ സ്ഥലം ഇവിടെയുണ്ട്. കാടുമൂടിക്കിടക്കുന്ന പ്രദേശം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുകയാണ്. തുടർന്ന് മണ്ണ് പരിശോധന നടത്തി പ്ലാറ്റ്ഫോം നിർമാണത്തിലേക്ക് കടക്കും. 600 മീറ്റർവീതം നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ ഓഫീസ് കെട്ടിടം, ഫുട് ഓവർബ്രിഡ്ജ്, വാഹന പാർക്കിങ് സൗകര്യം എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.
എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലിൽ 2010ൽ പദ്ധതിക്ക് കല്ലിട്ടിരുന്നു. അന്ന് റെയിവേ താൽപ്പര്യം കാണിച്ചില്ലെങ്കിലും പദ്ധതിക്ക് വീണ്ടും ജീവൻവച്ചു.
ഏകദേശം 7.56 കോടി ചെലവിൽ ഒന്പതുമാസംകൊണ്ട് ആദ്യഘട്ട നിർമാണം പൂർത്തിയാക്കും. റെയിൽവേ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും സിയാലിന്റെ സ്ഥലമായതിനാൽ ഭാവിവികസനത്തിനും സൗകര്യമുണ്ട്. വിമാനത്താവളത്തിലെ പുതിയ കാർഗോ ടെർമിനൽ നിർദിഷ്ട റെയിൽവേ സ്റ്റേഷനുസമീപത്താണ് വരിക. കേരളത്തിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമുള്ള കാർഗോ, റെയിൽ മാർഗം കുറഞ്ഞചെലവിൽ എത്തിച്ച് വിമാനങ്ങളിൽ കയറ്റി അയക്കാനാകും.
വന്ദേഭാരത്, രാജധാനി ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചാൽ ഏറെ ഗുണകരമാകും. വിമാനത്താവളത്തോടുചേർന്ന് നേരത്തേ പദ്ധതി തയ്യാറാക്കിയിട്ടുള്ള ജലപാതയും മേട്രോ റെയിലുംകൂടി യാഥാർഥ്യമായാൽ വ്യോമ, റെയിൽ, റോഡ്, ജല ഗതാഗത വ്വംസംവിധാനങ്ങൾ സംഗമിക്കുന്ന അപൂർവം വിമാനത്താവളങ്ങളിലൊന്നായി നെടുന്പാശേരി മാറും.










0 comments