ad
Deshabhimani

ചതിച്ചു കാലാവസ്ഥ; 
കൃഷിക്ക്‌ കഷ്ടകാലം

Agricultural Climate
വെബ് ഡെസ്ക്

Published on Jun 17, 2026, 12:37 AM | 1 min read

കൊച്ചി

കാലാവസ്ഥ ചതിച്ചപ്പോൾ ജില്ലയിൽ കൃഷിക്ക്‌ കഷ്ടകാലം. കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങിയിരുന്നു. മഴ കിട്ടിയപ്പോഴാകട്ടെ പ്രതിസന്ധി കൂടുതൽ കടുത്തു. മേയിലും ജൂൺ ആദ്യവാരങ്ങളിലുമായി ജില്ലയിലുണ്ടായ കൃഷിനാശം 200 ഹെക്ടർ കടന്നിരിക്കുകയാണ്‌. മെയ്‌ ഒന്നുമുതൽ 31 വരെ ജില്ലയിൽ 211.86 ഹെക്ടർ കൃഷിയാണ്‌ നശിച്ചത്‌. 19.40 കോടിയുടെ നാശമാണ്‌ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്‌. 7353 കർഷകർക്കാണ്‌ നഷ്ടമുണ്ടായത്‌. ജൂൺ ഒന്നുമുതൽ 16 വരെ 11.74 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്‌.


524 കർഷകരുടെ വിളകളാണ്‌ മഴയിലും കാറ്റിലും നിലംപൊത്തിയത്‌. 33 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. രണ്ടാഴ്‌ചക്കിടയിൽ 2420 കുലച്ച വാഴകൾ വീണു. ഇതിനുപുറമെ 1915 വാഴകളും നശിച്ചു. 72 ജാതിയും 161 റബറും നശിച്ചിട്ടുണ്ട്‌.

സാധാരണ അളവിലുള്ള മഴയാണ്‌ ജൂൺ ഒന്നുമുതൽ 16 വരെ ജില്ലയിൽ ലഭിച്ചതെന്നാണ്‌ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക്‌. ഇക്കാലയളവിൽ ശരാശരി 367.3 മില്ലിമീറ്റാണ്‌ ലഭിക്കേണ്ടത്‌. പെയ്‌തത്‌ 351.2 മില്ലിമീറ്റർ. എന്നാൽ, ചിലദിവസങ്ങളിൽ അതിശക്തമായ മഴയും കാറ്റും ജില്ലയിലുണ്ടായി. നദികളിൽ ജലനിരപ്പ്‌ ഉയർന്നു. കാർഷികരംഗത്ത്‌ മാത്രമല്ല, മറ്റുമേഖലകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു.


കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളംകയറി. കൊച്ചി നഗരത്തിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. സർക്കാരും തദ്ദേശസ്ഥാപനങ്ങളും മുന്നൊരുക്കം നടത്തുന്നതിൽ ഗുരുതര അലംഭാവം വരുത്തിയതാണ്‌ സ്ഥിതി രൂക്ഷമാക്കിയത്‌. മഴക്കാലപൂർവ ശുചീകരണം നടത്താത്തത്‌ വെള്ളക്കെട്ടിനും മഴക്കാലരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കി. പകർച്ചവ്യാധികൾ ഉൾപ്പെടെ ഗ്രാമ, നഗരവ്യത്യാസമില്ലാതെ പടർന്നുകയറി. മലേറിയ, എച്ച്‌1എൻ1, ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ കൂടുകയാണ്‌. മരണങ്ങളും റിപ്പോർട്ട്‌ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home