പ്രതിസന്ധികളിൽ തളരുന്നവരോട് ഷെമീറിനു പറയാനുള്ളത്

കളമശേരി
ജീവിതപ്രതിസന്ധികളിൽ പകച്ചുപോകുന്ന യുവാക്കളോട് കളമശേരി നഗരസഭ 38 കൂനംതൈ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്കുള്ള മറുപടി സ്വന്തം ജീവിതമാണ്. നന്നായി കഴിഞ്ഞിരുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലാകുകയും അവിടെനിന്നുള്ള അതിജീവനവുമാണ് സിപിഐ എം കളമശേരി മ്യൂസിയം ബ്രാഞ്ച് സെക്രട്ടറികൂടിയായ അഡ്വ. ഷെമീർ അലിയുടെ ജീവിതം.
ഷെമീർ നാലാംക്ലാസിൽ പഠിക്കുമ്പോൾ ബാപ്പ അലിക്കുഞ്ഞിന്റെ ബിസിനസ് തകർന്ന് കിടപ്പാടംവരെ നഷ്ടപ്പെടുന്നതിലേക്ക് എത്തി. ഉമ്മയും ബാപ്പയുമായി ചേർന്ന് ചായക്കട നടത്തിയാണ് പിന്നീട് അതിജീവനവഴി തുറന്നത്. ഏഴാംക്ലാസിലെത്തിയപ്പോഴേക്കും പാചകവും പൊറോട്ടയടിക്കലും പഠിച്ചു. സ്കൂളിലും നന്നായി പഠിച്ചു. ഒന്പതിൽ പഠിക്കുമ്പോൾ രോഗവും ഓപ്പറേഷനുമായി ബാപ്പയ്ക്ക് കടയിൽ പോകാൻ കഴിയാതായി. വീട്ടിലെ മൂത്തയാൾ എന്നനിലയിൽ കടയുടെ ഉത്തരവാദിത്വം ഒമ്പതാംക്ലാസുകാരന്റെ ചുമലിലായി. പഠനം മുടങ്ങി. ആക്ഷേപങ്ങൾക്കും അപമാനങ്ങൾക്കും വിധേയനായെങ്കിലും ജീവിതം കൈവിട്ടില്ല. മുടങ്ങിയ പഠനം തുടർന്നു. പത്താംക്ലാസും പ്ലസ്ടുവും പാസായി.
രാത്രിയിൽ തട്ടുകടയിൽ ജോലി, ഇടയിൽ കാറ്ററിങ് ജോലി, പത്രവിതരണം, പച്ചക്കറിക്കച്ചവടം എന്നിവയും ചെയ്തു. ബികോം പഠനത്തിനിടെ ഇടപ്പള്ളി ടോളിൽ ടെലിഫോൺ ബൂത്തിലെ ജോലി. വരുമാനം ജീവിതച്ചെലവുകൾക്ക് തികയാതെയായപ്പോൾ കോളേജ് പഠനം അവസാനിപ്പിച്ച് കൊറിയർ ഡെലിവറി ബോയ് ആയി. പ്രൈവറ്റായി ബികോമിന് ചേർന്നു.
പിന്നെയും പല ജോലികൾ, ചെരുപ്പുകമ്പനി എക്സിക്യൂട്ടീവ്, ഓട്ടോഡ്രൈവർ, മെഡിക്കൽ റെപ്പ്, കൊറിയർ കമ്പനി എക്സിക്യൂട്ടീവ്, കുറച്ചുകാലം ഗൾഫിൽ ജോലി. അതുകഴിഞ്ഞ് സഹോദരരുമായി ചേർന്ന് ബിസിനസ്. ഒരായുസ്സിൽ ചെയ്യാൻ കഴിയുന്നതിലധികം ചെയത് പ്രതിസന്ധികളോട് പടവെട്ടിയാണ് ഷെമീർ ജൈത്രയാത്ര തുടർന്നത്. ഇതിനിടെ, നിയമപഠനം പൂർത്തിയാക്കി. ഇപ്പോൾ ഹൈക്കോടതിയിലും ജില്ലാ കോടതിയിലും അഭിഭാഷകനുമാണ്.









0 comments