യുവതിയുടെ തലയിൽ മുണ്ടിട്ട് മൂടി ആക്രമണം
പൊലീസിന്റെ അന്വേഷണമികവ്; സൂചനപോലുമില്ലാതെ പ്രതി പിടിയിൽ

യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ ഡിസിപി ഷഹൻഷാ സംസാരിക്കുന്നു. പിന്നിൽ മുഖം മൂടിയനിലയിൽ പ്രതി
കളമശേരി
ഒറ്റയ്‌ക്ക് നടന്നുപോകുകയായിരുന്ന യുവതിയുടെ തലയിൽ മുണ്ടിട്ട് മൂടി ആക്രമിച്ച് ആഭരണങ്ങളും കവർന്ന കേസിൽ പ്രതിയെ പിടികൂടിയത് പൊലീസിന്റെ അന്വേഷണമികവ് തെളിയിക്കുന്നത്. അക്രമത്തിന് ഇരയായ യുവതി മിന്നായംപോലെയാണ് പ്രതിയെ കണ്ടത്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്ത കേസിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണമാണ് പാലക്കാട് അഗളി സ്വദേശിയെ പിടികൂടാൻ സഹായിച്ചത്. അഗളിയിലെ വീട്ടിൽനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു മദ്യലഹരിയിലായിരുന്ന പ്രതിയുടെ ലക്ഷ്യമെന്ന് ഡിസിപി ഷഹൻ ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുവതി ശക്തമായി ചെറുത്തതിനാൽ ഇതിന് കഴിഞ്ഞില്ല. തുടർന്നാണ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്. മൂന്ന് ജില്ലകളിൽനിന്നായി ഇരുനൂറോളം സിസിടിവികൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ഇയാൾ മുമ്പ് പത്തടിപ്പാലത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. പ്രതിയുടെ പക്കൽനിന്ന് യുവതിയുടെ ഫോണും യുവതിയെ പിന്തുടർന്നെത്തിയ ബൈക്കും പൊലീസ് കണ്ടെടുത്തു.
എന്നാൽ, സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കൂട്ടുപ്രതികളില്ല. തിരിച്ചറിയൽ പരേഡിനുശേഷമെ പേരും മറ്റുവിവരങ്ങളും പുറത്തുവിടുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ഡിസിപി ഷഹൻ ഷായുടെ നേതൃത്വത്തിൽ തൃക്കാക്കര എസിപി മനോജ്, കളമശേരി ഇൻസ്‌പെക്ടർ ഇ ആർ ബൈജു, സബ് ഇൻസ്‌പെക്ടർമാരായ സെബാസ്റ്റ്യൻ പി ചാക്കോ, ഷമീർ അനന്തു, എഎസ്ഐ എസ് ബിനു തുടങ്ങിയവരാണ് പ്രത്യേക സ്ക്വാഡിലുണ്ടായിരുന്നത്. കഴിഞ്ഞ 15ന് യുവതി എച്ച്എംടി കവലയ്ക്കുസമീപമുള്ള കടയിൽ ജോലി കഴിഞ്ഞ് രാത്രി 8.15ഓടെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.









0 comments