print edition ബോണ്ടുകൾക്ക് ഉപകാരസ്മരണ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കടുത്ത പല്ലുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ യുവാവിനോട് ഒരു പല്ലിളക്കാൻ ചോദിച്ചത് 2500 രൂപ. രജിസ്ട്രേഷനും കൺസൾട്ടേഷനുമായി വാങ്ങിയ 700 രൂപയ്-ക്ക് പുറമേയാണിത്. എന്നാൽ പിറ്റേന്ന് സർക്കാർ ആശുപത്രിയിലെത്തി അതേ ചികിത്സ പൂർത്തിയാക്കി മടങ്ങിയത് വെറും 50 രൂപയ്ക്ക‍്.
സാധാരണക്കാരന്റെ വയറ്റത്തടിച്ച് വൻ തുക കൈക്കലാക്കുന്ന ആതുരസേവന രംഗത്തെ ഈ ചൂഷണം ഇന്ന് വീണ്ടും ശക്തമാകുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വൻകിട കോർപറേറ്റുകൾ വിലയ്ക്ക് വാങ്ങുമ്പോൾ, പണമില്ലാത്തവനും മികച്ച ചികിത്സ ഉറപ്പാക്കിയ ജനകീയ ‘കേരള ആരോഗ്യ മാതൃക’യെ തകർക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹെൽത്ത്‌കെയർ കമ്പനികളിൽ നിന്ന് ഇലക്ടറൽ ബോണ്ടുകളായി കോടികൾ കൈപ്പറ്റിയ കോൺഗ്രസ്, ഇന്ന് ആ ‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’ കാണിക്കുകയാണ്.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുംവിധം നമ്മുടെ സർക്കാർ ആശുപത്രികൾ മാറിയത് ഒരു പതിറ്റാണ്ടുകൊണ്ടാണ്. ആധുനിക റോബോട്ടിക് സർജറി മുതൽ സൗജന്യ സ്‌പെഷ്യാലിറ്റി ചികിത്സ വരെ ലഭ്യമാക്കി പാവപ്പെട്ടവരെ ചേർത്തുപിടിച്ചപ്പോൾ ലോകം തന്നെ അത്ഭുതപ്പെട്ടു.
ജനങ്ങളുടെ ജീവൻവച്ച് പണം കൊയ്യുന്ന ആരോഗ്യമേഖലയിലെ കുത്തക ലോബികൾക്ക് ഭീഷണിയായ ആ ജനകീയ ബദലിനെ, രാഷ്‌ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെയും വ്യാജപ്രചാരണങ്ങളോടെയും ചെറുതാക്കി കാണിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ് നേതാക്കൾ.
എൽഡിഎഫ് വിയർപ്പും ചോരയും നൽകി പടുത്തുയർത്തിയ പൊതുജനാരോഗ്യ മേഖലയെ തകർത്തെറിയാനാണ് അധികാരത്തിന്റെ ശീതളച്ഛായയിൽ തിരിച്ചെത്തിയ യുഡിഎഫിന്റെ ശ്രമം. പാവപ്പെട്ടവന്റെ വേദനയെ വീണ്ടും കച്ചവടക്കാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന ക്രൂരമായ വഞ്ചന.
കാരുണ്യത്തിന് പൂട്ട്
1984 മുതലുള്ള "സെൻട്രൽ പർച്ചേസ് കമ്മിറ്റി' സംവിധാനത്തിന്റെ പോരായ്‌മകൾ മുതലെടുത്ത് സ്വകാര്യ മരുന്ന് കമ്പനികളും ഇടനിലക്കാരും വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സാധാരണക്കാരെ കൊള്ളയടിച്ചിരുന്നു. ഈ ചൂഷണത്തിന് അന്ത്യം കുറിക്കാനാണ് തമിഴ്‌നാട് മാതൃകയിൽ എൽഡിഎഫ് സർക്കാർ 2006ൽ കെഎംഎസ്സിഎൽ രൂപീകരിച്ചത്. കുറഞ്ഞ വിലയ്-ക്ക് മരുന്നുകൾ വാങ്ങുകയും കർശന ലാബ് പരിശോധന വഴി ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു.
മരുന്ന് മാഫിയയുടെ ചൂഷണം തടഞ്ഞ് സൗജന്യവും കുറഞ്ഞ നിരക്കിലുമുള്ള ചികിത്സ ഉറപ്പുവരുത്തി. കാരുണ്യ ഫാർമസികൾ സാധാരണക്കാർക്ക് വലിയ ആശ്വാസമായി. ഈ ബദലാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ തകർക്കുന്നത്. നിലവിലെ മരുന്നുക്ഷാമവും അടുത്തവർഷം മുതൽ വൻകിട കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങുമെന്ന പ്രഖ്യാപനവും വൻകിട കമ്പനികൾക്ക് മരുന്ന് വിപണിയിൽ ഇടമൊരുക്കുന്നതാണ്.
കോൺഗ്രസ് വാങ്ങിയത് കോടികൾ
വിവിധ കമ്പനികളിൽനിന്ന് ഏകദേശം 1500 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടായി കോൺഗ്രസ് രേഖാമൂലം കൈപ്പറ്റിയത്. ഇതിൽ ഗണ്യമായൊരു പങ്കും വാങ്ങി കൂട്ടിയത് ഫാർമസ്യൂട്ടിക്കൽസ്, വൻകിട ആശുപത്രികൾ, മെഡിക്കൽ റീട്ടെയിൽ, ഹെൽത്ത് ടെക്നോളജി എന്നീ മേഖലകളിൽ നിന്ന്. രേഖകളില്ലാതെ വാങ്ങിയ കോടികൾ വേറെയുമുണ്ട്.
ലാഭക്കണ്ണുകളുമായി ആഗോള ഭീമന്മാർ
സംസ്ഥാനതല സർവേ പ്രകാരം കേരളത്തിലെ ഒരു കുടുംബത്തിന്റെ മൊത്തം വരുമാനത്തിന്റെ 17 ശതമാനത്തോളമാണ് ഓരോ വർഷവും ചികിത്സയ്-ക്കായി ചെലവഴിക്കപ്പെടുന്നത്. ഇതിൽ കണ്ണുവെച്ചാണ് ബ്ലാക്ക് സ്റ്റോൺ, കെകെആർ തുടങ്ങിയ ആഗോള ഇക്വിറ്റി ഭീമന്മാർ കോടികൾ എറിഞ്ഞ് കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഓരോന്നായി സ്വന്തമാക്കുന്നത്. ആതുരസേവന മേഖലയിലെ ഈ അധിനിവേശം ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന അപകടങ്ങൾ ഭീകരമാണ്.
• ചികിത്സാച്ചെലവ് അനിയന്ത്രിതമാകും: കേന്ദ്ര സർക്കാരിന്റെ 100ശതമാനം വിദേശനിക്ഷേപ അനുമതി പ്രയോജനപ്പെടുത്തി സ്വദേശി-, വിദേശി ഇൻഷുറൻസ് കമ്പനികൾ കൂടി ഈ രംഗത്തേക്ക് എത്തുന്നതോടെ ചികിത്സാച്ചെലവുകൾ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിച്ചുയരും.
• അനാവശ്യ പരിശോധനകൾ: അനാവശ്യ ലാബ് പരിശോധനകൾക്കും ആവശ്യമില്ലാത്ത ശസ്‌ത്രക്രിയകൾക്കും ചികിത്സകൾക്കും രോഗികളെ നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടാക്കും.
• ചൂഷണം ശക്തമാകും: കോർപറേറ്റുകൾ നിശ്ചയിക്കുന്ന നിരക്കുകൾ നൽകാൻ കഴിയാതെ സാധാരണക്കാരന് ചികിത്സ നിഷേധിക്കപ്പെടും.









0 comments