പ്രതിരോധ -രംഗത്ത് മികവുമായി കെൽട്രോൺ
അന്തർവാഹിനി സോണാർ സിസ്റ്റം ഇന്റഗ്രേഷൻ ഘട്ടത്തിലേക്ക്

കുറ്റിപ്പുറം
പ്രതിരോധ- പവർ ഇലക്ട്രോണിക്സ് രംഗത്ത് നൂതന പദ്ധതികളുമായി കെൽട്രോൺ. തദ്ദേശീയമായി നിർമിക്കുന്ന അണ്ടർ വാട്ടർ വെസൽ സിസ്റ്റത്തിനുള്ള (ജൽകാപി) ബോ അറേ, ഫ്ലാങ്ക് അറേ സോണാർ സിസ്റ്റം ഇന്റഗ്രേഷൻ ഘട്ടത്തിലേക്ക് കടന്നു. കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനംചെയ്‌തു. സോണാർ സിസ്റ്റങ്ങളുടെ നിർമാണവും കെൽട്രോൺ ആണ് പൂർത്തീകരിച്ചത്.
"ജൽകാപി' പദ്ധതിക്കാവശ്യമായ ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ അരൂരിലെ കെൽട്രോൺ കൺട്രോൾസിലും സെൻസറുകൾ മലപ്പുറം യൂണിറ്റിലുമാണ് വികസിപ്പിച്ചത്. നാവികസേനയെ പ്രതിനിധീകരിച്ച് സബ്മറൈൻ ഡിസൈൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൊമോഡോർ ഡോ. അമിത് റേ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കൂടംകുളം അണുശക്തിനിലയത്തിലെ അഞ്ച്, ആറ് യൂണിറ്റുകളിലേക്ക് ആവശ്യമായ പവർ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങൾ നിർമിക്കാനുള്ള കരാർ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ് ഏറ്റുവാങ്ങി. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുഭാശിഷ് റോയിയിൽനിന്നാണ് കെൽട്രോൺ അധികൃതർ കരാർ സ്വീകരിച്ചത്. എൻപിസിഐഎല്ലിൽനിന്ന് നേരിട്ട് ലഭിക്കുന്ന ആദ്യ ഓർഡറാണിത്. ബിപിടി എക്സിക്യൂട്ടrവ് ചെയർമാൻ കെ അജിത് കുമാർ, ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്തംഗം എം സൗമ്യ എന്നിവർ സംസാരിച്ചു. കെൽട്രോൺ എം ഡി ശ്രീകുമാർ നായർ സ്വാഗതവും കെഇസിഎൽ എംഡി ജേക്കബ് തരകൻ നന്ദിയും പറഞ്ഞു.









0 comments