print edition ലഹരിമാഫിയ; വിദേശികൾ പിടിയിലായ കേസിൽ അന്വേഷണം നിലച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിദേശികൾ പിടിയിലായ ലഹരി കേസുകളിൽ രാജ്യന്തരബന്ധം അന്വേഷിക്കാതെ ഒളിച്ചുകളിച്ച് പൊലീസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പന്തളം, പെരുനാട് ലഹരികേസുകളിൽ വിദേശ പൗരൻമാർ അറസ്‌റ്റിലായിരുന്നു. ഇത്തരം കേസുകളിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ രാജ്യാന്തര ബന്ധം അന്വേഷിക്കാറുണ്ട്. പൊലീസ് കണ്ണടയ്‌ക്കുന്നത് മയക്കുമരുന്ന് മാഫിയക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈൻ എംഡിഎംഎയുമായി കാസർകോട് അറസ്‌റ്റിലായ കേസിൽ ഘാന സ്വദേശിയെ പിടികൂടിയിരുന്നു. കണ്ണൂരിൽ എംഡിഎംഎ കേസിൽ നൈജീരിയ, കാമറൂൺ സ്വദേശിനികൾ പിടിയിലായി. കോഴിക്കോട് പന്തീരങ്കാവ് എംഡിഎംഎ കേസിൽ മുഖ്യകണ്ണി നൈജീരിയൻ സ്വദേശിയാണ്.
പന്തളത്ത് കാറിൽ എംഡിഎംഎ കടത്തിയതിന് നൈജീരിയൻ സ്വദേശി പിടിയിലായി. മറ്റൊരു മയക്കുമരുന്ന് കേസിൽ പത്തനംതിട്ട പെരുനാട് പൊലീസ് വിദേശിയെ അറസ്‌റ്റ് ചെയ്‌തു. ഇൗ കേസുകളിലൊന്നും യഥാർഥ കണ്ണികളിലേക്ക് അന്വേഷണം എത്തിയില്ല.
കാസർകോട് കേസിൽ പ്രതികളുടെ രാജ്യാന്തരബന്ധം ആഭ്യന്തരമന്ത്രിയാണ് വെളിപ്പെടുത്തിയത്. പ്രതികൾക്ക് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളതിനാൽ വിശദ അന്വേഷണം പൊലീസ് അട്ടിമറിച്ചു. ഇതിലടക്കം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം പൊലീസ് ആവശ്യപ്പെട്ടിട്ടില്ല.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി കേന്ദ്ര ഏജൻസികൾ യോഗവും ചേർന്നിരുന്നു. കാര്യത്തോടടുത്തപ്പോൾ ഒന്നുമുണ്ടായില്ല. വിദേശികളായ പ്രതികൾ ഒരു സംഘമായാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരെ നിയന്ത്രിക്കുന്ന ഉന്നതർ കേരളത്തിലും ഉണ്ടോ എന്ന് സംശയവും ഉയരുന്നു.









0 comments