സ്കൂട്ടർ കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ

ആലുവ
നിരവധി മോഷണങ്ങൾ നടത്തി മുങ്ങിയ മോഷ്ടാവിനെ കുടുക്കി ആലുവ പൊലീസ്. ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാനെ(34)യാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് ഇമ്രാൻ ഖാൻ വലയിലായത്.
14ന് ആലുവ ടിസിഎസ് ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കായെത്തിയ തൃശൂർ -സാമ്പാളൂർ സ്വദേശിയായ യുവാവ്, പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്‌റ്റോറേജിലുണ്ടായിരുന്ന പേഴ്സും മൊബൈൽ ഫോണുമുൾപ്പെടെ മോഷ്ടിക്കപ്പെട്ടതായി കണ്ടത്. എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പോയതായി അറിഞ്ഞു.
ഉടൻ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഡാഷ് ബോക്സ് തുറന്നാണ് പ്രതി സാധനങ്ങൾ മോഷ്ടിച്ചത്. സിം മറ്റൊരു ഫോണിൽ ഇട്ട് എടിഎം കൗണ്ടറിലെത്തി എടിഎം പിൻ ചേഞ്ച് ചെയ്ത് പണം പിൻവലിച്ചു.
സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കില്ല. ആലുവ, കൊല്ലം- കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട് പല സ്ഥലങ്ങളിലും യുപിയിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാത്ത പ്രതിയെ യുപി പൊലീസും അന്വേഷിക്കുകയായിരുന്നു. ഇയാൾ 23ന് ഭോപ്പാൽ, 27ന് കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.
കേരളത്തിലെത്തിയ മോഷ്ടാവിനെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. 10 ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ മോഷ്ടാവിൽനിന്ന് കണ്ടെടുത്തു. ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments