print edition പലതും മറയ്‌ക്കാൻ ‘മാധ്യമ അലർജി’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം വാചാലനായ വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മാധ്യമങ്ങളെ വിലക്കുന്നത് പലതും മറയ്‌ക്കാൻ. അധികാരത്തിലെത്തിക്കാൻ രാപകൽ പണിയെടുത്ത മാധ്യമങ്ങളെവരെ സതീശൻ പടിക്ക് പുറത്താക്കി.
കഴിഞ്ഞ 10 വർഷവും വ്യാജ വാർത്തകളുടെയും വ്യക്തിഗത ആക്രമണങ്ങളുടെയും കുത്തൊഴുക്കുണ്ടായിട്ടും മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ പൊലീസ് ഒരു ഘട്ടത്തിലും ഇടപെട്ടിരുന്നില്ല. 2022ൽ രണ്ട് ചാനലുകൾ കേന്ദ്രം വിലക്കിയപ്പോഴും ഗവർണർ ഇറക്കിവിട്ടപ്പോഴും ‘ജനാധിപത്യം അപകടത്തിൽ’ എന്നാണ് സതീശൻ പ്രസ്‌താവിച്ചത്.
വ്യാജവാർത്തകൾ മാത്രം നൽകുന്ന ഓൺലൈൻ മാധ്യമത്തിനെതിരായ പരാതിയിൽ നടപടിയിലേക്ക് നീങ്ങിയപ്പോഴും അന്നത്തെ പ്രതിപക്ഷ നേതാവ് ദുഃഖിതനായി. മാധ്യമങ്ങളെ ബാധിക്കാത്ത വിഷയങ്ങളിലടക്കം 14 പ്രസ്‌താവനയാണ് സതീശൻ 10വർഷത്തിനിടെ ഇറക്കിയത്.
മുഖ്യമന്ത്രിയായപ്പോൾ, മന്ത്രിസഭാ യോഗശേഷമുള്ള വാർത്താസമ്മേളനങ്ങളിൽ ഉൾപ്പെടെ കടുത്ത അസഹിഷ്‌ണുവായി. ദേശാഭിമാനിയെയും കൈരളിയെയും പേരെടുത്ത് വിളിച്ച് ഭീഷണിപ്പെടുത്തി. ഇടുക്കിയിലും തൃശൂരിലും മാധ്യമങ്ങളോട് കയർത്ത മുഖ്യമന്ത്രി ‘മാറി നിൽക്ക്’ എന്നാക്രോശിച്ചു. മുഖ്യമന്ത്രിയോട് ‘ചോദ്യം വേണ്ടെന്ന്’ പൊലീസ് സർക്കുലറും ഇറക്കി. മെറ്റയെ ഇറക്കി തനിക്കെതിരായ പോസ്റ്റുകൾ നീക്കിയ മുഖ്യമന്ത്രിയാണ് ആഭ്യന്തര മന്ത്രി വിദേശ പര്യടനത്തിലിരിക്കെ റിപ്പോർട്ടർ ചാനൽ റെയ്ഡ് നടത്തിയത്.
ജനങ്ങൾ അറിയേണ്ട ചോദ്യങ്ങൾ ഉന്നയിച്ചു എന്നതാണ് മാധ്യമവിലക്കിന് കാരണം. ഹെലിക്കോപ്റ്റർ, ചാർട്ടേഡ് വിമാന യാത്രകൾ സംബന്ധിച്ച് ജനം അറിയാൻ പാടില്ലാത്ത രഹസ്യങ്ങളുണ്ടെന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. നാടിന്റെ പൊതുസമ്പത്തും പ്രകൃതി വിഭവങ്ങളും കോർപറേറ്റുകൾക്ക് കാഴ്‌ചവയ്‌ക്കാൻ പോകുന്നുവെന്ന സൂചന ബജറ്റിലൂടെ മുഖ്യമന്ത്രി നൽകിയിട്ടുമുണ്ട്. ഇത് മറയ്‌ക്കാനാണ് ‘മാധ്യമ അലർജി ’ നാടകം.








0 comments