ad
Deshabhimani

കൊച്ചി കോര്‍പറേഷന്‍

പൈപ്പിടാൻ പൊളിച്ച റോഡ് 
യാത്രക്കാര്‍ക്ക് കെണിയാകുന്നു

Accidents are becoming more common.

ഗതാഗതം ദുഷ്കരമായ പോണേക്കര റോഡ്

വെബ് ഡെസ്ക്

Published on May 13, 2026, 01:03 AM | 1 min read

കൊച്ചി

കുടിവെള്ള പൈപ്പ്‌ ഇടാൻ ദേശാഭിമാനി ജങ്‌ഷൻമുതൽ പോണേക്കരവരെ പൊളിച്ച റോഡിൽ അപകടം പതിവാകുന്നു. റോഡിന്റെ പകുതിയോളം കുത്തിപ്പൊളിച്ചാണ് പൈപ്പിടൽ. പൈപ്പിട്ടശേഷം മൂടിയ ഭാഗം റീ ടാർ ചെയ്യാത്തതും യാത്ര കൂടുതൽ ദുർഘടമാക്കുംവിധം ട്രഞ്ച്‌ മൂടിയതുമാണ്‌ വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌.


ഇരുവശവും ഇടേണ്ട പൈപ്പുകൾ ഇപ്പോൾ ഒരു വശത്തുമാത്രമാണ്‌ ഇടുന്നത്‌. മഴയ്‌ക്കുശേഷം വീണ്ടും കുത്തിപ്പൊളിച്ച്‌ മറുവശത്തും പൈപ്പിടും എന്നതിനാൽ ദുരിതം ഇരട്ടിയാകും. ഒരുമാസത്തിലേറെയായി യന്ത്രസഹായത്തോടെ രാത്രികാലങ്ങളിലാണ്‌ പൈപ്പിടൽ നടക്കുന്നത്‌.

അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ്‌ ദേശാഭിമാനി ജങ്‌ഷൻമുതൽ റോഡ്‌ കുഴിച്ചത്‌.


വെള്ളം കടത്തിവിടുന്ന ഡിഐ പൈപ്പും കണക്‌ഷൻ നൽകാൻ പിവിസി പൈപ്പും ഇടുന്നതാണ്‌ പദ്ധതി. എന്നാൽ, റോഡിൽ ക്രോസ്‌ കട്ടിങ് ഒഴിവാക്കാനായി ഇരുവശവും വേറെ വേറെ പൈപ്പുകളാണ്‌ ഇടുന്നത്‌. ഒരുവശത്ത്‌ പൈപ്പ്‌ ഇടുന്നത്‌ പൂർത്തിയാകാൻ ഇനിയും ഒരാഴ്‌ചകൂടി എടുക്കും. അതിനുശേഷമാകും വെള്ളം പന്പുചെയ്‌ത്‌ ട്രയൽ റൺ നടത്തുന്നതും കണക്‌ഷൻ നൽകുന്നതും. 15 ദിവസത്തിനുള്ളിൽ രണ്ടു പ്രവൃത്തികളും പൂർത്തിയാക്കാനാണ്‌ വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നതെങ്കിലും മഴക്കാലത്തിനുമുന്പ്‌ റോഡ്‌ പഴയപോലെ ആകാൻ സാധ്യതയില്ല.


തൽക്കാലം ഒരുവശത്തെ പണികൾ പൂർത്തിയാക്കി റോഡ്‌ താൽക്കാലികമായി കോൺക്രീറ്റ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന്‌ ജലഅതോറിറ്റി അധികൃതർ പറഞ്ഞു. മഴക്കാലം മാറിയാൽ മറുവശവും കുത്തിപ്പൊളിച്ച്‌ പൈപ്പുകൾ സ്ഥാപിക്കും. രണ്ടു പണികളും പൂർത്തയായാൽ മാത്രമെ ടാറിങ് ഉൾപ്പെടെ റോഡ്‌ പുനർനിർമാണം പൂർത്തിയാക്കാൻ കോർപറേഷന്‌ സാധ്യമാകൂ. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ്‌ ദേശാഭിമാനിമുതൽ പോണേക്കരവരെ നീളുന്ന റോഡ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home