വാണിയംപാറയിലെ അപകടങ്ങൾ; അടിയന്തര നടപടി സ്വീകരിക്കണം

k radhakrishnan
വടക്കഞ്ചേരി
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വാണിയംപാറയിൽ തുടർച്ചയായി വാഹനാപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്കും കലക്ടർക്കും എംപി കത്തയച്ചു. 100 ദിവസത്തിനിടെ വാണിയംപാറയിൽ വിവിധ വാഹനാപകടങ്ങളിലായി ഏഴുപേർ മരിക്കുകയും മുപ്പതിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാണിയംപാറയിലെ രണ്ടുകിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാത്തതും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. എളനാട്, പഴയന്നൂർ, കണ്ണമ്പ്ര, ഒറ്റപ്പാലം മേഖലകളിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വെളിച്ച സംവിധാനങ്ങളും ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. തൃശൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നതിനായി ഏകദേശം 20 മീറ്ററോളം തെറ്റായ ദിശയിൽ സഞ്ചരിക്കേണ്ട സ്ഥിതിയുമുണ്ട്. റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നിർമാണസാമഗ്രികളും കോൺക്രീറ്റ് ഗർഡറുകളും കാഴ്ച മറയ്ക്കുന്നതായും എംപി അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്ത് താൽക്കാലിക സിഗ്നൽ സംവിധാനം, സോളാർ ഫ്ലാഷറുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ ചെയർപേഴ്സൺ കൂടിയായ കലക്ടർ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് കർശന നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.










0 comments