പ്രദേശവാസികൾക്ക് ടോൾ; പന്നിയങ്കര ടോൾ പ്ലാസ ഉപരോധിച്ചു

പന്നിയങ്കര ടോൾ പ്ലാസയിൽ നടത്തിയ ഉപരോധം വി സി കബീർ ഉദ്ഘാടനം ചെയ്യുന്നു
വടക്കഞ്ചേരി
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽനിന്ന് ടോൾ ഇൗടാക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയവേദി, വ്യാപാരി സംരക്ഷണ സമിതി, സംയുക്‌ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ ഉപരോധിച്ചു. പൊലീസ് സമരക്കാരെ ട്രാക്കിൽനിന്ന് മാറ്റി. തുടർന്ന് ചേർന്ന പ്രതിഷേധയോഗം വി സി കബീർ ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി. കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി കെ അച്യുതൻ, സുരേഷ് വേലായുധൻ, ജിജോ അറയ്ക്കൽ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സതീഷ് ചാക്കോ, സഫർ ഇമ്മേരിയാസ്, സലിം തണ്ടിലോട് എന്നിവർ സംസാരിച്ചു. 9.4 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കും അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റിനും പരാതി നൽകി. കെ രാധാകൃഷ്ണൻ എംപിയും എംഎൽഎമാരായ പി പി സുമോദ്. ടി എം ശശി, പഞ്ചായത്ത് പ്രസിഡന്റുമാർ കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ ടോൾ കമ്പനി നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. കലക്‌ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ദേശീയപാത അതോറിറ്റിയുടെയും ടോൾ കമ്പനി അധികൃതരും ഉൾപ്പെട്ട യോഗം ഉടൻ വിളിക്കണമെന്നും ആറ് പഞ്ചായത്തിലെ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സ്‌കൂൾ വാഹനങ്ങൾക്കും സൗജന്യം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പന്തലാംപാടം ജനകീയ കൂട്ടായ്‌മ, വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ രാവിലെ 10.30ന് സമരം നടത്തും.










0 comments