നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞു

കളമശേരി എച്ച്എംടി കവലയിൽ അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
കളമശേരി
എച്ച്എംടി ജങ്ഷനിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു. കവലയിൽ ആലുവ ഭാഗത്തേക്കുള്ള പഴയ ബസ് സ്റ്റോപ്പിനുസമീപത്ത് ചൊവ്വ വൈകിട്ട് 6.15ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷ സമീപത്തെ മരത്തിൽ തങ്ങിനിന്നതിനാൽ ഡ്രൈവറും യാത്രക്കാരനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും യാത്രക്കാരനെയും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments