ad
Deshabhimani

print edition സഹാരൻപുർ മസ്‌ജിദ്‌ പൊളിക്കൽ; ലക്ഷ്യം വർഗീയദ്രുവീകരണം

Masjid.jpg

ഇടിച്ചുനിരത്തപ്പെട്ട സഹാരന്‍പുര്‍ മസ്ജിദ്

വെബ് ഡെസ്ക്

Published on Sep 09, 2026, 01:43 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപുരിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള മസ്‌ജിദ്‌ ഇടിച്ചുനിരത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ ഇടിച്ചുനിരത്തലെന്ന്‌ പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.


അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ബിജെപി സർക്കാരിന്റെ നീക്കമെന്ന്‌ സമാജ്‌വാദി പാർടി പ്രസിഡന്റ്‌ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും ആംആദ്‌മി പാർടിയും ബിഎസ്‌പിയും നടപടിയെ അപലപിച്ചു.


കഴിഞ്ഞ വർഷം ബജ്‌രംഗ്‌ദൾ പ്രവർത്തകൻ വികാസ്‌ ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മസ്‌ജിദ്‌ പൊളിച്ചത്. പരാതിയിൽ റവന്യൂ വകുപ്പ്‌ പരിശോധന നടത്തി. തുടർന്ന്‌ ജില്ലാ കളക്‌ടർ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. മസ്‌ജിദ്‌ അനധികൃത നിർമാണമാണെന്നും സർക്കാർ ഭൂമിയിൽ നിന്ന്‌ ഒഴിപ്പിക്കണമെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്‌.


മസ്‌ജിദിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർ 6.41 കോടി രൂപ പിഴയടക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ മസ്‌ജിദ്‌ ഭരണസമിതി ജില്ലാ കോടതിയിൽ അപ്പീൽ നൽകി. ചൊവ്വാഴ്‌ച മജിസ്‌ട്രേറ്റ്‌ കോടതി വിധി ജില്ലാ കോടതിശരിവെച്ചു.


ഹൈക്കോടതിയെ സമീപിക്കാൻ ഭരണസമിതിക്ക്‌ സമയം ലഭിക്കുംമുമ്പ്തിരക്കിട്ട്‌ പൊളിക്കൽ നടപടിയിലേക്ക്‌ സർക്കാർ കടന്നു. ശനി പുലർച്ചെ വൻ പൊലീസ്‌ സംരക്ഷണത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ച്‌ മസ്‌ജിദ്‌ ഇടിച്ചുനിരത്തി. കൈരാന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സമാജ്‌വാദി പാർടി എംപി ഇഖ്ര ഹസൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന്‌ ശേഷമായിരുന്നു നടപടി.


1911 മുതൽ മസ്‌ജിദ്‌ പ്രവർത്തിച്ചുവരുന്നതിന്റെ രേഖകൾ ഭരണസമിതി മജിസ്‌ട്രേറ്റ്‌ കോടതിയിലും ജില്ലാ കോടതിയിലും ഹാജരാക്കിയിരുന്നു. വഖഫ്‌ ഭൂമിയായി രജിസ്റ്റർ ചെയ്‌ത രേഖ, മസ്‌ജിദിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്ന പോസ്റ്റ്‌ ഓഫീസിന്റെ വാടക നിശ്ചയിച്ച്‌ കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ കരാർ തുടങ്ങിയവയും സമർപ്പിച്ചു. എന്നാൽ ഇതെല്ലാം കോടതികൾ തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home