print edition സന്യാസിമാർ വന്നപ്പോൾ വനിതാ ജീവനക്കാരെ മാറ്റിനിർത്തി; ഈഫൽ ഗോപുരത്തിൽ പണിമുടക്ക്

ബിഎപിഎസ് സന്യാസികള്‍ ഈഫല്‍ ഗോപുരത്തിനുമുന്നില്‍
പാരിസ്: പാരിസിലെ ഈഫൽ ഗോപുരത്തിൽ ഹിന്ദു മത സംഘടനയുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ഈഫൽ ഗോപുരം അടച്ചിടേണ്ടിവന്നു.
ബോചാസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ഥയിലെ (ബിഎപിഎസ്) നൂറോളം അംഗങ്ങൾ ശനിയാഴ്ച ഗോപുരം സന്ദർശിച്ചപ്പോഴാണ് വനിതാ ജീവനക്കാർ പാടില്ലെന്ന് നിർദേശിച്ചത്. സന്യാസിമാരുടെ ആചാരങ്ങളുടെ ഭാഗമായി സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നായിരുന്നു നിർദേശം.
ഇതേത്തുടർന്ന് ഈഫൽ ഗോപുരത്തിലെ വനിതാ ജീവനക്കാരെയും കരാർ ജീവനക്കാരെയും അവരുടെ കൗണ്ടറുകളിൽ നിന്നും തസ്തികകളിൽ നിന്നും മാറ്റുകയും പകരം പുരുഷന്മാരെ നിയമിക്കുകയും ചെയ്തു.
സന്യാസി സംഘം കടന്നുപോകുന്ന സമയത്ത് സ്ത്രീകൾ ആ ഭാഗങ്ങളിലേക്ക് വരരുതെന്നും മാറിനിൽക്കണമെന്നും മാനേജ്‌മെന്റ് നിർദ്ദേശിച്ചതായി സിജിടി ട്രേഡ് യൂണിയൻ അറിയിച്ചു. ലിംഗവിവേചനപരമായ ഇൗ വ്യവസ്ഥകൾ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ഈഫൽ ഗോപുരത്തിന്റെ നടത്തിപ്പ് കമ്പനിയായ എസ്ഇടിഇ പിന്നീട് സമ്മതിച്ചു.
സംഭവത്തിൽ പാരിസ് മേയർ ഇമ്മാനുവൽ ഗ്രെഗോയർ ഉൾപ്പെടെയുള്ളവർ കടുത്ത അമർഷം രേഖപ്പെടുത്തി. സംഭവത്തിൽ ബിഎപിഎസ് പരസ്യമായി മാപ്പുപറഞ്ഞു.
എന്നാൽ ഈഫൽ ഗോപുരവുമായി ബന്ധപ്പെട്ട വിഷയം രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യമാണെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.
ബോചാസൻവാസി അക്ഷര ബിഎപിഎസ് പാരിസിൽ ക്ഷേത്രം തുറന്നതിന്റെ ഭാഗമായാണ് സംഘം ഈഫൽടവർ സന്ദർശിച്ചത്. ക്ഷേത്രോദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചിരുന്നു.










0 comments