print edition വെസ്റ്റ്ബാങ്കിലെ കടന്നുകയറ്റം; ജൂത കുടിയേറ്റകേന്ദ്രങ്ങളുമായി വ്യാപാരം നിരോധിച്ച് ബ്രിട്ടൻ

പ്രതീകാത്മക ചിത്രം
ലണ്ടൻ: വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രയേൽ കുടിയേറ്റകേന്ദ്രങ്ങളുമായുള്ള വ്യാപാരം നിരോധിച്ച് ബ്രിട്ടൻ. യുകെ പ്രധാനമന്ത്രിയായി ആൻഡി ബേർണം ചുമതലയേറ്റശേഷമുള്ള ആദ്യ സുപ്രധാന വിദേശനയ നീക്കമാണിത്. യുകെയുടെ നിർണായക നീക്കത്തിൽ ഒപ്പമുണ്ടാകുമെന്ന് ഫ്രാൻസും കാനഡയും പ്രഖ്യാപിച്ചു.
വെസ്റ്റ്ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരത്തിന് പുതിയ നിയന്ത്രണം കൊണ്ടുവരുമെന്ന് മൂന്ന് രാജ്യവും ചേർന്ന് പ്രഖ്യാപിച്ചു. ഇസ്രയേലിനെതിര നിർണായനീക്കം പ്രഖ്യാപിച്ച് ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, അയർലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഈ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.
സ്വതന്ത്ര പലസ്‌തീൻ രാഷ്ട്ര രൂപീകരണ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന ഇസ്രയേലിന്റെ നയങ്ങൾക്ക് ശക്തമായ നയതന്ത്ര തിരിച്ചടിയാണിത്. "ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള' സാധ്യത നിലനിർത്താനാണ് ഈ നീക്കമെന്ന് യുകെ സർക്കാർ വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരായ പുതിയ ഉപരോധ സംവിധാനം ഒമ്പത് മാസത്തിനുള്ളിൽ നിലവിൽ വരുമെന്ന് ബ്രിട്ടീഷ് വിദേശ സെക്രട്ടറി എഡ് മിലിബാൻഡ്, ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.
കുടിയേറ്റ കേന്ദ്രങ്ങളെ സഹായിക്കുന്ന നിർമാണം, അടിസ്ഥാന സൗകര്യവികസനത്തിന് ധനസഹായം നൽകുന്ന സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവയും ഉപരോധത്തിൽ ഉൾപ്പെടും. യുകെയും ഇസ്രായേലും തമ്മിലുള്ള 8.12 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമാണ് വെസ്റ്റ് ബാങ്കിൽ നിന്നുള്ളത്.
യുകെയുടെ തീരുമാനം തെറ്റാണെന്നും ഒക്ടോബർ അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള നീക്കമാണിതെന്നും ഇസ്രായേൽ പ്രസിഡന്റ് പ്രതികരിച്ചു. ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി ബ്രിട്ടണിന്റെ നീക്കത്തെ "യുക്തിരഹിതമായ നടപടി" എന്ന് വിശേഷിപ്പിച്ചു.
ജറുസലേമിന് കിഴക്കുള്ള "ഇ1' മേഖലയിൽ 1,200 കുടിയേറ്റ കേന്ദ്രങ്ങൾക്കായി ഇസ്രയേൽ ടെൻഡർ ക്ഷണിച്ചിരുന്നു. വെസ്റ്റ് ബാങ്കിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും, പലസ്തീൻ രാഷ്ട്രം എന്ന സങ്കൽപത്തെ പ്രായോഗികമായി അസാധ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.









0 comments