print edition ബഹിരാകാശം പ്രൈവറ്റ് ലിമിറ്റഡ്; ഇന്ത്യയുടെ ബഹിരാകാശ മേഖല പൂർണമായും വൻകിട കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക്

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: സ്വകാര്യവൽക്കരണമില്ലെന്ന് ഐഎസ്‌ആർഒ അവകാശപ്പെടുന്പോഴും ഇന്ത്യയുടെ സുപ്രധാനമായ ബഹിരാകാശ മേഖല പൂർണമായും വൻകിട കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. 2020ലാണ് മോദി സർക്കാർ തന്ത്രപ്രധാനമായ ബഹിരാകാശ മേഖല സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. 2023ൽ പുതിയ ബഹിരാകാശ നയത്തിന് രൂപംനൽകി ഇതിന് തുടക്കമിട്ടു.
ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ എളുപ്പത്തിലുള്ള കടന്നുവരവിന് വഴിയൊരുക്കാൻ ‘ഇൻ സ്‌പേസ്’ എന്ന സ്വയംഭരണ സ്ഥാപനത്തിനും രൂപംനൽകി. ഇൻ സ്‌പേസിന്റെ തലവനായി വ്യവസായിയായ പവൻ ഗോയങ്കയെ നിയമിച്ചു. ബഹിരാകാശ വകുപ്പിന് കീഴിലാണ് സ്ഥാപനമെങ്കിലും പൂർണ സ്വയംഭരണാധികാരമുണ്ട്.
ഐഎസ്‌ആർഒ ഇനി വിക്ഷേപണ വാഹനങ്ങളോ ഉപഗ്രഹങ്ങളോ നിർമിക്കില്ലെന്ന് കഴിഞ്ഞദിവസം പവൻ ഗോയങ്ക പ്രഖ്യാപിച്ചു. ശാസ്‌ത്ര ഗവേഷണം, പുതിയ സാങ്കേതികവിദ്യ തുടങ്ങി പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള ഉപഗ്രഹങ്ങൾ മാത്രമേ ഇനി നിർമിക്കൂവെന്നും ഗോയങ്ക വ്യക്തമാക്കി.
ഐഎസ്‌ആർഒ ഭാവിയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഒരു വ്യവസായി പ്രഖ്യാപിക്കുന്നിടത്തോളം കാര്യങ്ങൾ എത്തിയതോടെയാണ് സ്വകാര്യവൽക്കരണത്തിൽ വ്യക്തത തേടി ശാസ്‌ത്രജ്‌ഞരും സാങ്കേതിക വിദഗ്‌ധരും ജീവനക്കാരും ചെയർമാന് കത്തയച്ചത്.
മോദി സർക്കാർ വിഭാവനം ചെയ്യുന്ന ബഹിരാകാശ നയപ്രകാരം ഇൗ മേഖലയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളും ഉപഗ്രഹ വിക്ഷേപണവുമെല്ലാം പൂർണമായും സ്വകാര്യ മേഖലയ്‌ക്ക് വിട്ടുനൽകും. ഇതിനാവശ്യമായ സാങ്കേതികവിദ്യ ഐഎസ്‌ആർഒ സ്വകാര്യ കമ്പനികൾക്ക് കൈമാറും. ഇൻ സ്‌പേസ് ഇടനിലക്കാരാകും. ഇതോടെ ബഹിരാകാശ മേഖലയിൽനിന്ന് ആർജിക്കാവുന്ന ലാഭമെല്ലാം ഐഎസ്‌ആർഒയുടെ ചെലവിൽ സ്വകാര്യ കുത്തകകളുടെ കൈകളിലെത്തും.
അംബാനിയെയും അദാനിയെയും പോലുള്ള കുത്തകകൾ ബഹിരാകാശ മേഖലയിലേക്ക് കടന്നുകയറാൻ ശ്രമം തുടങ്ങി. റിലയൻസിന്റെ ജിയോ സ്‌പേസ് ടെക് ലിമിറ്റഡും അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസുമാണ് ബഹിരാകാശ മേഖലയിൽ ലാഭം കൊയ്യാൻ തയ്യാറെടുക്കുന്നത്. 1600 ഉപഗ്രഹങ്ങളുടെ ശൃംഖല തീർത്ത് മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നേരിട്ട് ഉപകരണങ്ങളിലേക്ക് എത്തിക്കാനാണ് ജിയോയുടെ നീക്കം. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മറ്റും നിർമാണത്തിനാവശ്യമായ ഉപകരണങ്ങളുടെ ഉൽപ്പാദനമാകും അദാനി തുടക്കത്തിൽ ഏറ്റെടുക്കുക.









0 comments