ad
Deshabhimani

ജ്വലിക്കും അഭിമന്യു സ്മരണ

abhimanyu murder
വെബ് ഡെസ്ക്

Published on Jul 01, 2025, 04:22 AM | 1 min read


കൊച്ചി

രക്തസാക്ഷിത്വത്തിന്റെ കനലെരിയും മനസ്സുമായി കലാലയങ്ങൾ ബുധനാഴ്‌ച അഭിമന്യുവിന്റെ ധീരസ്‌മരണ പുതുക്കും. വർഗീയവാദികൾ അഭിമന്യുവിന്റെ ജീവനെടുത്തിട്ട്‌ ഏഴുവർഷം പൂർത്തിയാകുന്നു. പോരാട്ടങ്ങൾക്ക്‌ ഊർജമായി ജ്വലിക്കുകയാണ്‌ എസ്‌എഫ്‌ഐയുടെ ഉശിരനായ പോരാളിയുടെ സമരവീര്യം തുടിക്കുന്ന ഓർമകൾ. 2018 ജൂലൈ രണ്ടിന്‌ പുലർച്ചെയാണ്‌ എസ്‌ഡിപിഐ–-ക്യാമ്പസ്‌ ഫ്രണ്ട്‌ മതതീവ്രവാദസംഘം മഹാരാജാസ്‌ കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നത്‌.

വർഗീയതയ്‌ക്കും മതതീവ്രവാദത്തിനുമെതിരെ മഹാരാജാസ്‌ കോളേജിന്റെ ചുവരിൽ അഭിമന്യു കുറിച്ചിട്ട ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി, പ്രിയസഖാവ്‌ കുത്തേറ്റുവീണിടത്ത്‌ ബുധൻ പുലർച്ചെ എസ്‌എഫ്‌ഐ പ്രവർത്തകർ ഒത്തുകൂടും.

വർഗീയവിരുദ്ധ ചുവരെഴുത്ത്‌ നടത്തും. അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി, സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്‌ജീവ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചുവരെഴുത്ത്‌. പകൽ 11ന്‌ മറൈൻഡ്രൈവ്‌ ഹെലിപാഡ്‌ ഗ്രൗണ്ടിൽനിന്ന്‌ വിദ്യാർഥിറാലി ആരംഭിക്കും. മഹാരാജാസ്‌ കോളേജിൽ നടക്കുന്ന സമ്മേളനം ആദർശ്‌ എം സജി ഉദ്ഘാടനം ചെയ്യും. മഹാരാജാസ്‌ കോളേജിൽ ബിഎസ്‌സി കെമിസ്‌ട്രിക്ക്‌ ഉന്നതവിജയം നേടിയ വിദ്യാർഥിക്കും എസ്‌ടി വിഭാഗത്തിൽനിന്നുള്ള ഉന്നതവിജയിക്കും അഭിമന്യു സ്‌മാരക എൻഡോവ്‌മെന്റ്‌ സമ്മാനിക്കും.


ചൊവ്വാഴ്‌ച ക്യാമ്പസുകളിൽ വർഗീയവിരുദ്ധസദസ്സുകൾ സംഘടിപ്പിക്കും. സെക്യുലർ വാൾ തീർക്കും. വിവിധ ഏരിയ, ലോക്കൽ, യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയും എൻഎസ്‌എസ്‌ വളന്റിയർ സെക്രട്ടറിയുമായിരുന്നു അഭിമന്യു. എസ്‌എഫ്‌ഐ പ്രവർത്തകരും അഭിമന്യുവിന്റെ സുഹൃത്തുക്കളുമായ വിനീതിനെയും അർജുനെയും ക്യാമ്പസ്‌ ഫ്രണ്ട്‌ തീവ്രവാദികൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യു വധക്കേസിൽ 16 പ്രതികളും അറസ്റ്റിലായി. കുറ്റപത്രവും സമർപ്പിച്ചു. വിചാരണനടപടികൾ ആരംഭിക്കാനിരിക്കുകയാണ്‌. ഇടുക്കി വട്ടവടയിൽ തോട്ടംതൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകനായ അഭിമന്യു, ശാസ്‌ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെയാണ്‌ മഹാരാജാസിൽ രസതന്ത്ര ബിരുദപഠനത്തിന്‌ ചേർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home