Deshabhimani

ജലമെട്രോ

ടിക്കറ്റ്‌ കൊള്ളയ്‌ക്ക്‌ നീക്കം;
 സർക്കാർ ലക്ഷ്യം കൈയൊഴിയൽ

water metro
avatar
സ്വന്തം ലേഖകൻ

Published on Oct 24, 2026, 02:33 AM | 1 min read

കൊച്ചി


ജലമെട്രോ ബോട്ടുകളിലെ ടിക്കറ്റ്‌ നിരക്ക്‌ ഉയർത്താനുള്ള നീക്കത്തിനുപിന്നിൽ യുഡിഎഫ്‌ സർക്കാരിന്‌ ഗ‍‍ൂഢലക്ഷ്യം. ജലമെട്രോയ്‌ക്ക്‌ മുൻസർക്കാർ നൽകിവന്ന സാന്പത്തികസഹായം നിർത്താനും രാജ്യത്തിന്‌ അഭിമാനമായ പദ്ധതിയെ തകർക്കാനുമാണ്‌ സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായാണ്‌, ടിക്കറ്റ്‌ നിരക്ക്‌ പുനർനിർണയിക്കാനുള്ള പഠനം നടത്തണമെന്ന്‌ കഴിഞ്ഞദിവസം ജലഗതാഗതവകുപ്പ്‌ ഇറക്കിയ ഉത്തരവിൽ നിർദേശിച്ചത്‌.


ടിക്കറ്റ്‌ നിരക്ക്‌ ഉയർത്തി സ്വന്തംനിലയ്‌ക്ക്‌ വരുമാനം കണ്ടെത്തണമെന്നും സാന്പത്തികസഹായം നിർത്തുമെന്നുമാണ്‌ ഉത്തരവിലുള്ളത്‌.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ജലമെട്രോ സർവീസുകൾക്ക്‌ തുടക്കമിട്ടത്‌. പൊതുഗതാഗത മേഖലയിലെ മാതൃകാപരവും യാത്രക്കാർക്ക്‌ ഏറെ പ്രയാജനപ്രദവുമായ പദ്ധതിയായി ഇത്‌ മാറി. ചുരുങ്ങിയ കാലത്തിനകം ലോകശ്രദ്ധയാകർഷിക്കാനും ജലമെട്രോയ്‌ക്കായി.


സാധാരണക്കാർക്കും പ്രയോജനപ്പെടുത്താനാകുംവിധം ന്യായമായ ടിക്കറ്റ്‌ നിരക്കാണ്‌ ഇപ്പോഴുള്ളത്‌. ടൂറിസ്‌റ്റുകൾ ഉൾപ്പെടെ നൂറുകണക്കിന്‌ പുതിയ യാത്രികരെ ആകർഷിക്കാനാകുന്നതിനാൽ പിന്നീട്‌ നിരക്ക്‌ ഉയർത്തിയിട്ടില്ല. സർവീസ്‌ വ്യാപിപ്പിച്ചും ടിക്കറ്റേതര വാണിജ്യപ്രവർത്തനങ്ങളിലൂടെയുമാണ്‌ ജലമെട്രോയെ മുന്നോട്ടുകൊണ്ടുപോകുന്നത്‌. സർക്കാർ സാന്പത്തികസഹായവും ലഭ്യമാക്കിയിരുന്നു. ചെലവും വരുമാനവും തമ്മിൽ വൻ വ്യത്യാസമില്ലാതെ പ്രവർത്തിക്കാനുമാകുന്നുണ്ട്‌. ചില മാസങ്ങളിൽ വരുമാന വൻവർധനയുമുണ്ട്‌. 2023–-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-–25 ൽ 8,13,54,933 രൂപയും 2025-–26ൽ 10,89,86,929 രൂപയും ടിക്കറ്റ് വരുമാനമുണ്ടായി. ഇതിനുപുറമെ കണ്‍സള്‍ട്ടന്‍സി വര്‍ക്കുകളില്‍നിന്ന് 15 കോടി രൂപയുടെ വരുമാനവും നേടി.


മട്ടാഞ്ചേരി, വില്ലിങ്‌ഡൺ ഐലൻഡ് ഉൾപ്പെടെ 12 ടെർമിനലുകളാണുള്ളത്‌. കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മാണവും എൽഡിഎഫ്‌ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്‌.


കൊച്ചി കപ്പൽശാലയിൽനിന്നുള്ള 23 ബോട്ടുകളില്‍ 20 എണ്ണവും ലഭിച്ചു. ശേഷിക്കുന്നതിൽ ഒന്ന്‌ ഡിസംബറിലും രണ്ടെണ്ണം 2028 ജൂണിലും ലഭിക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 15 ബോട്ടുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 16 ഫ്ലോട്ടിങ്‌ ജെട്ടികളില്‍ രണ്ടെണ്ണം സ്ഥാപിച്ചു. ബാക്കി ഇ‍ൗ ഡിസംബറിനകം സ്ഥാപിക്കാനും നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ജലമെട്രോയെ തഴയുന്ന സമീപനമാണുള്ളത്‌. പുതുതായി ആറ്‌ ടെർമിനൽ നിർമിക്കാനുള്ള പദ്ധതിയടക്കം ഉപേക്ഷിച്ചു. 2023 ഏപ്രില്‍ 26നാണ്‌ ജലമെട്രോ ആരംഭിച്ചത്‌. ഇതുവരെ 79, 29,051 പേരാണ്‌ യാത്രചെയ്‌തത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home