വീടുകൾക്കുമുകളിൽ 220 കെവി ലൈൻ പൊട്ടിവീണു

വാഴക്കുളം വേങ്ങച്ചുവട്ടിൽ 220 കെവി ലൈൻ വീടിനുമുകളിൽ പൊട്ടിവീണനിലയിൽ
മൂവാറ്റുപുഴ
വൈദ്യുതി ടവറിൽനിന്ന് വീടുകൾക്കുമുകളിൽ 220 കെവി ലൈൻ പൊട്ടിവീണു. പ്രദേശവാസികൾ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായർ പകൽ മൂന്നോടെ വാഴക്കുളം വേങ്ങച്ചുവട്ടിലാണ് സംഭവം.
കൊട്ടിക്കൽ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പൊട്ടിവീണത്. മൂലമറ്റത്തുനിന്ന് കളമശേരിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിലെ രണ്ട് ടവറുകൾക്കിടയിലെ കമ്പിയാണ് പൊട്ടിവീണത്. ലൈൻ വീണ് പുരയിടങ്ങളിൽ ചെറിയ നാശനഷ്ടമുണ്ടായി. വീടുകളുടെ മുറ്റത്തോ പുരയിടങ്ങളിലോ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
കന്പി വീണ് സമീപത്തെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന തൂണുകളും ലൈനുകളും തകർന്നു. വാഴക്കുളം വൈദ്യുതി വകുപ്പ് ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വാഴക്കുളം പൊലീസും സ്ഥലത്തെത്തി. കാലപ്പഴക്കമോ മറ്റു തകരാർമൂലമോ ആകാം കമ്പി പൊട്ടിവീണതെന്നാണ് പ്രാഥമിക നിഗമനം.









0 comments