ക്വാണ്ടം സയൻസ് പ്രദർശനം നവംബർ 7 മുതൽ

ശാസ്ത്രസാങ്കേതിക മുന്നേറ്റം ജനങ്ങളിലേക്ക്

Quantum science

ക്വാണ്ടം സയൻസ് നൂറാം വാർഷിക പ്രദർശന നഗരിയിലൊരുക്കിയ 
കൂറ്റൻ ക്വാണ്ടം പൂച്ചയെ മന്ത്രി പി രാജീവ് വീക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Oct 30, 2025, 03:29 AM | 1 min read

കളമശേരി


കുറഞ്ഞ ഊർജത്തിൽ പ്രകാശിക്കുന്ന എൽഇഡി ലൈറ്റുകൾ, സോളാർ പാനലുകൾ, ടെലിവിഷൻ, കംപ്യൂട്ടർ, ലേസർ, എംആർഐ, പിഇടി സ്കാനറുകൾ, ജിപിഎസ്, ഇലക്ട്രോൺ മൈക്രോസ്കോപ്, നാനോടെക്നോളജി, പ്രപഞ്ചഗവേഷണ ഉപകരണങ്ങൾ തുടങ്ങി മനുഷ്യജീവിതത്തെ വിപ്ലവകരമായി മാറ്റിമറിച്ച സാങ്കേതികമുന്നേറ്റങ്ങക്ക് പിന്നിലെ ശാസ്ത്രശാഖയായ ക്വാണ്ടം സയൻസിനെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന പ്രദർശനം നവംബർ ഏഴിന് തുടങ്ങും.


കൊച്ചി സർവകലാശാലയിലെ ശാസ്ത്ര സമൂഹകേന്ദ്രവും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ സർവകലാശാലകൾ, കോളേജ്, പ്ലാനറ്റോറിയം, ലൂക്കാ സയൻസ് പോർട്ടൽ, ബഹുജനസംഘടനകൾ എന്നിവ സഹകരിക്കുന്നുണ്ട്. ക്വാണ്ടം സയൻസ് നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനമൊരുക്കുന്നത്.


പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ക്യൂറേറ്റഡ് പ്രദർശനത്തിൽ സൂപ്പർ കണ്ടക്റ്റിവിറ്റി, ഫോട്ടോണിക്സ്, നാനോസയൻസ് തുടങ്ങിയ ക്വാണ്ടം മേഖലകളിലെ പ്രധാന പരീക്ഷണങ്ങളും ഉൾപ്പെടും.


ഇന്ത്യക്ക് നൊബേൽ സമ്മാനം ലഭിച്ച രാമൻ ഇഫക്റ്റ് പരീക്ഷണവും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകളെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഉണ്ടായിരിക്കും. ആവർത്തനപട്ടികയിലെ മൂലകങ്ങൾ നേരിട്ടറിയാനും അവസരമുണ്ടാകും.


ഹോളോഗ്രാം, സിമുലേഷൻ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്ഷൻ എന്നീ സാങ്കേതികവിദ്യകളിലൂടെ ക്വാണ്ടം പ്രതിഭാസങ്ങളെ ആവിഷ്കരിക്കും. അക്കാദമിക് ചർച്ചകളിൽനിന്ന് ജനങ്ങളിലേക്ക് ശാസ്ത്രത്തെ എത്തിക്കുകയാണ് ലക്ഷ്യം.

പത്തുദിവസം നീളുന്ന ആദ്യപ്രദർശനം നവംബർ ഏഴുമുതൽ കുസാറ്റ്‌ ശാസ്ത്ര സമൂഹകേന്ദ്രത്തിൽ ആരംഭിക്കും. തുടർന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടക്കും. ​വ്യവസായമന്ത്രി പി രാജീവ് പ്രദർശനനഗരി സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home