ശുചിമുറി പൊളിച്ച്- നീക്കിയത് വിവാദമാകുന്നു

ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ശുചിമുറി പൊളിച്ചുനീക്കിയ നിലയിൽ
പെരുമ്പാവൂർ
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയങ്ങൾ പൊളിച്ചുനീക്കിയത് വിവാദമാകുന്നു. കഴിഞ്ഞ കൗൺസിൽ കാലയളവിൽ മൂന്നരലക്ഷം രൂപ ചെലവിട്ട് അധ്യാപകർക്കായി പണിത അഞ്ചുവർഷംമാത്രം പഴക്കമുള്ള രണ്ട് ശൗചാലയങ്ങളാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. വിദ്യാലയത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള അഞ്ചുകെട്ടിടങ്ങൾ നഗരസഭയുടെ തീരുമാനമനുസരിച്ച് പൊളിച്ചുനീക്കിയിരുന്നു.
ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കരാറെടുത്തവർ പണി പൂർത്തിയാക്കി ഓട്, കല്ല് തുടങ്ങിയ സാമഗ്രികൾ നീക്കം ചെയ്തിരുന്നു. അതിനുശേഷം ഗ്രൗണ്ട് നിരപ്പാക്കുന്നതിനായി ഹെഡ്മാസ്റ്റർ ഏർപ്പെടുത്തിയവരാണ് ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതെന്നാണ് അറിയുന്നത്. ശൗചാലയങ്ങൾ പൊളിച്ചുനീക്കാൻ പിടിഎയോ നഗരസഭയോ തീരുമാനിച്ചിട്ടില്ല.
നഗരസഭയുടെ അറിവോടെയല്ല ഇത് നടന്നിട്ടുള്ളത് എന്നുകാണിച്ച് വാർഡ് കൗൺസിലർ ഹയറുന്നിസ നസീർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതിന്റെ ഉത്തരവാദികളെ കണ്ടെത്തി നഷ്ടം ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.









0 comments