Deshabhimani

പിരിച്ചുവിട്ട ജീവനക്കാർ കലക്ടറേറ്റിൽ സമരം തുടങ്ങി

a

സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച്‌ ഞായറാഴ്ച രാത്രി 
കലക്ടറേറ്റിൽ സമരം ചെയ്യുന്ന ജീവനക്കാർ

വെബ് ഡെസ്ക്

Published on Oct 26, 2026, 01:37 AM | 1 min read

കോഴിക്കോട്‌

സർക്കാർ സർവീസിൽനിന്ന്‌ പിരിച്ചുവിട്ട ജീവനക്കാർ കലക്ടറേറ്റിൽ സമരമാരംഭിച്ചു. തസ്തികമാറ്റത്തിലൂടെ എൽഡി ക്ലർക്ക്‌ തസ്തികയിലേക്ക്‌ മാറ്റിയവരുടെ നിയമനം റദ്ദാക്കിയതിലൂടെ ജോലിനഷ്ടപ്പെട്ട റവന്യൂ വകുപ്പിലെ എൽഡി ടൈപ്പിസ്റ്റ്‌ കം ക്ലർക്കുമാരായ എം കെ ഷിങ്കി, വി ആരിഫ, എസ്‌ അമൃത എന്നിവരാണ്‌ ഞായർ രാത്രിയോടെ കലക്ടറേറ്റിൽ സമരം തുടങ്ങിയത്‌.

എൽഡി ടൈപ്പിസ്റ്റുകൾക്ക്‌ തസ്തികമാറ്റം വഴി ക്ലർക്കാകാൻ സർക്കാർ സർവീസിൽ അവസരമുണ്ട്‌. ജോലിയിൽ പ്രവേശിച്ച്‌ ആറ്‌ മാസത്തിനകം ഓപ്ഷൻ നൽകുന്നവർക്ക്‌ ഒഴിവുവരുന്ന മുറയ്ക്കാണ്‌ നിയമനം നൽകുന്നത്‌. വർഷങ്ങളായി ഇത്തരത്തിൽ തസ്തികമാറ്റം നടക്കുന്നുണ്ട്‌.

തസ്തികമാറ്റത്തിലെ അവ്യക്തതകൾ നീക്കി 2024 ജൂലൈയിൽ റവന്യൂ വകുപ്പ്‌ ഉത്തരവിറക്കിയിരുന്നു. ഓപ്ഷൻ നൽകി അഞ്ച്‌ വർഷം കഴിഞ്ഞേ തസ്തികമാറ്റം അനുവദിക്കാവൂ എന്നായിരുന്നു ഉത്തരവ്‌. ഇതിന്റെ അടിസ്ഥാനത്തിൽ ലാൻഡ്‌ റവന്യൂ കമീഷണർ നൽകിയ റിപ്പോർട്ട്‌ ആധാരമാക്കി എൽഡി ക്ലർക്ക്‌ റാങ്കുപട്ടികയിലുള്ളവർ അഡ്‌മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ചു. തസ്തികമാറ്റം വഴി ജീവനക്കാർക്ക്‌ നൽകിയ പോസ്റ്റുകൾ തങ്ങൾക്ക്‌ അവകാശപ്പെട്ടത്‌ എന്നായിരുന്നു ഇവരുടെ വാദം. ഇതംഗീകരിച്ച കെഎടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച അഞ്ച്‌ ക്ലർക്കുമാരെ ക്ലർക്ക്‌ കം ടൈപ്പിസ്റ്റ്‌ തസ്തികയിലേക്ക്‌ മാറ്റിനിയമിച്ചു. ഇതോടെ ഇ‍ൗ തസ്തികയിലുണ്ടായിരുന്ന അഞ്ചുപേരെ പിരിച്ചുവിട്ട്‌ കലക്ടർ ഉത്തരവിറക്കുകയായിരുന്നു. കെഎടിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയെങ്കിലും ഇതുവരെ ജോലിയിൽ പ്രവേശിക്കാനായിട്ടില്ല.

അടുത്ത നിയമനം വരുന്നതുവരെ കാത്തിരിക്കാതെ സർക്കാർ താൽക്കാലിക തസ്തിക സൃഷ്ടിക്കാതിരുന്നതാണ്‌ പ്രശ്നങ്ങൾക്ക്‌ കാരണം. ഞായറാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയശേഷമാണ്‌ ജീവനക്കാർ സമരം ആരംഭിച്ചത്‌. ഒരുതെറ്റുംചെയ്യാതെ ജോലിനഷ്ടമായ തങ്ങളെ സർവീസിൽ തിരികെ എടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ്‌ ഇവർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home