Deshabhimani

നാട്‌ കൈകോർക്കുന്നു ഗീതുവിനായി

s

ഗീതു ചികിത്സാ സഹായ ഫണ്ട്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വി വസീഫ്‌ കൈമാറുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 26, 2026, 01:41 AM | 2 min read

കോഴിക്കോട്‌

കഴിഞ്ഞ ആഗസ്ത്‌ 14ന്‌ പനിക്ക്‌ മരുന്നുവാങ്ങി തിരിച്ചുപോകാനാണ്‌ ഒളവണ്ണ ചാലിയംതൊടിയിൽ ഗീതു (28) ഭർത്താവിനൊപ്പം ഇഖ്‌റ ആശുപത്രിയിലെത്തിയത്‌. ഡോക്ടറെ കാണാനായി കാത്തിരിക്കുമ്പോൾ തലചുറ്റിവീണു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്‌. ഗീതുവിന്‌ ജീവിതത്തിലേക്ക്‌ തിരികെ മടങ്ങാൻ ഇനിയും ലക്ഷങ്ങൾ വേണം. സുമനസ്സുകളുടെ കാരുണ്യമില്ലെങ്കിൽ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലാണ്‌ ഗീതുവും കുടുംബവും.

ബിടെക്‌ ബിരുദധാരിയായ ഗീതുവിന്‌ ജോലിയില്ല. കോഴിക്കോട്‌ പാരഗണിലെ തൊഴിലാളിയായ ഭർത്താവ്‌ ശരത്തിന്റെ വരുമാനത്തിലാണ്‌ ഒന്നരവയസുകാരനായ മകനടക്കമുള്ള കുടുംബത്തിന്റെ ജീവിതം. മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ ചികിത്സ എറണാകുളം അമൃത ആശുപത്രിയിലേക്ക്‌ മാറ്റി. ഇതിനകം 30 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു.

മരുന്നുകളോട്‌ ശരീരം പ്രതികരിക്കുന്നുണ്ടെന്ന്‌ ഡോക്ടർമാർ പറയുന്നു. അണുബാധയിൽ നേരിയ കുറവുമുണ്ട്‌. പൂർണമായി ഭേദപ്പെടുത്താനാകുമെന്നാണ്‌ ഡോക്ടർമാർ പറയുന്നത്‌. ഇനിയും രണ്ടുവർഷത്തോളം ചികിത്സ തുടർന്നാലേ സാധാരണ ജീവിതത്തിലേക്കെത്തൂ.

50 ലക്ഷത്തോളം രൂപ ചികിത്സയ്ക്ക്‌ ചെലവാകുമെന്നാണ്‌ കരുതുന്നത്‌. സാമ്പത്തികമായി ഏറെ പിന്നാക്കമുള്ള കുടുംബമാണ്‌ ഗീതുവിന്റേത്‌. 20 വർഷം മുമ്പ്‌ പഞ്ചായത്തിൽനിന്ന്‌ നൽകിയ വീട്ടിലാണ്‌ താമസം.ശരത്തിനും കൂലിപ്പണിക്കാരനായ അച്ഛൻ മണിക്കും ജോലിക്ക്‌ പോകാനാകുന്നില്ല. 40 ദിവസമായി ഇരുവരും ആശുപത്രിയിൽ ഗീതുവിന്‌ കൂട്ടിരിക്കയാണ്‌.

ഗീതുവിനെ സഹായിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. കേരള ഗ്രാമീൺ ബാങ്കിലെ അക്ക‍ൗണ്ടിലേക്ക്‌ പണമയക്കാം.ഫോൺ: 9995040676, 9846166775, 9446731067.

അക്ക‍ൗണ്ട്‌ നമ്പർ: 40662111001121, ഐഎഫ്‌എസ്‌സി കോഡ്‌: കെഎൽജിബി0040662.

​​

3 ലക്ഷം കൈമാറി ഡിവൈഎഫ്‌ഐ

ഗീതുവിന്റെ ചികിത്സയ്ക്കായി ശേഖരിച്ച 3,03,459 രൂപ കൈമാറി. ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ ദിവസം ഡിവൈഎഫ്ഐ രണ്ട്‌ ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ വി വസീഫ് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി. വാർഡ് കമ്മിറ്റി ചെയർമാൻ കെ പ്രജൂൽ അധ്യക്ഷനായി. ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ അബ്‌ദുൾ മുജീബ്, കൺവീനർ ആറ്റക്കോയ, ട്രഷറർ പി പവിത്രൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ശാരുതി, ജില്ലാ ജോ. സെക്രട്ടറി ടി അതുൽ, കെ തങ്കമണി, എം ജിബിൻ, കെ കെ ജയപ്രകാശൻ, ഫിറോസ് ഒടുമ്പ്ര എന്നിവർ പങ്കെടുത്തു. കൺവീനർ എ കെ ഋതുൽ കുമാർ സ്വാഗതവും ട്രഷറർ ജിഷ്ണു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home