അധികാര ദുർവിനിയോഗത്തിന് കൂട്ടുനിന്നില്ലെങ്കിൽ എൻജിഒ അസോ. പ്രവർത്തകനും രക്ഷയില്ല

കോഴിക്കോട്
അധികാര ദുർവിനിയോഗത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോസ്ഥനെ സ്ഥലംമാറ്റി സർക്കാരിന്റെ പകവീട്ടൽ. ലക്ഷങ്ങൾ കുടിശ്ശികവരുത്തിയ മുൻ എംഎൽഎയുടെ മകന്റെ കടയ്ക്കെതിരെ നടപടിയെടുത്ത കോർപറേഷൻ നോൺ ടാക്സ് വിഭാഗത്തിലെ സൂപ്രണ്ടായിരുന്ന എം എൽ റിച്ചാർഡിനെയാണ് കൊയിലാണ്ടി നഗരസഭയിലേക്ക് സ്ഥലംമാറ്റിയത്. റവന്യൂ വിഭാഗം സൂപ്രണ്ട് എൻ ഷാജുവിനാണ് പകരം ചുമതല നൽകിയത്.
കടയുടമയുടെ സഹോദരൻ കോർപറേഷൻ കൗൺസിലറും യൂത്ത് ലീഗ് നേതാവുമാണ്. ഇദ്ദേഹത്തിന്റെ സമ്മർദത്തിലാണ് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി റിച്ചാർഡിനെ സ്ഥലംമാറ്റിയത്.
നഗരത്തിലെ സ്റ്റേഡിയം ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന അലങ്കാര മത്സ്യ വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്ന മൂന്ന് കടമുറികൾ യൂത്ത് ലീഗ് നേതാവിന്റെ സഹോദരന്റെ പേരിലായിരുന്നു. കോർപറേഷൻ അനുമതിയില്ലാതെ മേൽവാടകയ്ക്ക് നൽകിയ കടയിലായിരുന്നു അലങ്കാര മത്സ്യ വിപണനം നടത്തിയിരുന്നത്. കച്ചവട ലൈസന്‍സ് ഇല്ലാതെയും മേല്‍വാടകയ്ക്ക് നല്‍കിയും വാടക കുടിശ്ശിക അടക്കാതെയും പ്രവര്‍ത്തിച്ച കട കഴിഞ്ഞ മേയിൽ കോർപറേഷൻ അധികൃതർ അടപ്പിച്ചിരുന്നു. നിലവിൽ കച്ചവടം നടത്തിയിരുന്നയാളുടെ പക്കൽനിന്ന് ലൈസൻസി കൃത്യമായ വാടക ഇൗടാക്കിയിരുന്നു.
2020 ജൂലൈമുതല്‍ കോര്‍പറേഷനില്‍ ലൈസന്‍സ് പുതുക്കി കരാറുണ്ടാക്കിയിട്ടില്ല. കോവിഡുകാല ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലൈസൻസി കോടതിയെ സമീപിച്ചിരുന്നു. 2023 ജനുവരി ഒന്നുമുതലുള്ള കുടിശ്ശിക അടയ്ക്കാനായിരുന്നു കോടതി ഉത്തരവ്. കോടതി നിർദേശം പാലിക്കാനും തയ്യാറാകാതെ വന്നതോടെയാണ് കോർപറേഷൻ നടപടി സ്വീകരിച്ചത്. കോർപറേഷൻ നടപടിയെടുത്തിട്ടും ഇതുവരെ കുടിശ്ശിക തീർക്കാൻ ലൈസൻസി തയ്യാറായിട്ടില്ല.







0 comments