ജാമ്യം റദ്ദാക്കിയ പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റുചെയ്യണം
പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പ് സമരം

പോക്സോ കേസിൽ ജാമ്യം റദ്ദാക്കിയ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്‌റ്റേഷന് മുന്നിൽ സമര സമിതി പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുന്നു
പയ്യോളി
കോടതി ജാമ്യം റദ്ദാക്കിയ പോക്‌സോ കേസ് പ്രതിക്ക് രക്ഷപ്പെടാൻ അവസരം നൽകിയെന്നാരോപിച്ച് ജനകീയ സമര സമിതി നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനുമുന്നിൽ കുത്തിയിരുപ്പ് സമരം. പോക്‌സോ കേസിലെ പ്രതിയായ ചങ്ങരോത്ത് അബ്ദുൾ റഫീക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പയ്യോളി പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. പയ്യോളി ടൗണിൽനിന്ന് പ്രകടനമായി വന്ന സമര സമിതി പ്രവർത്തകരെ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. കവാടത്തിൽ നാലോളം ബാരിക്കേഡുകൾ നിരത്തി പൈപ്പ് ഉപയോഗിച്ച് കെട്ടിയുറപ്പിക്കുകയും പൊലീസ് ലോറിയുപയോഗിച്ച് രണ്ടാം ഗേറ്റ് അടച്ചുപൂട്ടുകയും ചെയ്‌തു. പയ്യോളിയിലെ പൊലീസുകാരെ കൂടാതെ വടകര, കൊയിലാണ്ടി, ചോമ്പാൽ സ്റ്റേഷനുകളിലെ പൊലുസുകാരെയും നിയോഗിച്ചു.
അമ്മയുടെ അറിവോടെ 12കാരിയെ പീഡിപ്പിച്ച പ്രതി ചങ്ങരോത്ത് റഫീക്കിന് നേരത്തെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി നൗഷാദലി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് വൻ പ്രതിഷേധമുയർന്നതോടെ കൊയിലാണ്ടി സിഐ ആർ പ്രശാന്ത് നൽകിയ അപേക്ഷയിൽ കോടതി ജാമ്യം റദ്ദാക്കി. വിധിയറിഞ്ഞതോടെ ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ച റഫീക്കിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇപ്പോൾ ഒളിവിലാണ്. സ്‌റ്റേഷന് മുന്നിൽ നടന്ന സമരം അഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്തു. പി സബീഷ് അധ്യക്ഷനായി. ജസീല, പി കെ സലിജ എന്നിവർ സംസാരിച്ചു. 24 മണിക്കൂറിനകം പ്രതിയെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞതായി ജനകീയ സമര സമിതി നേതാക്കൾ അറിയിച്ചു.







0 comments