Deshabhimani

ജനവിശ്വാസം സഹകരണ മേഖലയുടെ കരുത്ത്‌: പിണറായി

a

വടകര റൂറൽ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാർഷിക അനുബന്ധ സേവന കേന്ദ്രവും പ്രതിപക്ഷ നേതാവ് 
പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 26, 2026, 01:31 AM | 1 min read

വടകര

​ജനവിശ്വാസത്തിലൂടെ കരുത്താർജിച്ച് കരുത്തോടെ മുന്നോട്ടുപോകാൻ സഹകരണ മേഖലക്ക് കഴിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വടകര കോ–ഓപറേറ്റീവ് റൂറൽ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടവും കാർഷിക അനുബന്ധ സേവന കേന്ദ്രവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിങ് സ്ഥാപനങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കരുത്. ഇത്തരക്കാരുടെ ബന്ധവും സ്ഥാനവും സമൂഹത്തിലെ ഇടപെടലും നോക്കാതെ എതിർക്കണം. ജനങ്ങളുടെ ആവശ്യങ്ങൾക്ക് നൽകുന്നതാണ് സഹകരണ ബാങ്കുകളുടെ വായ്പ. അതാണ് സഹകരണ സ്ഥാപനങ്ങളുടെ വിജയത്തിന്‌ പിന്നിലുള്ളത്‌. ഇതിലൂടെ ജനവിശ്വാസംനിലനിർത്താനും സഹകരണ സ്ഥാപനങ്ങൾക്കായിട്ടുണ്ട്.

സഹകരണ മേഖലയുടെ വിശ്വാസ്യത തുടരണം. സംഭവിക്കാൻ പാടില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങൾ അഴിമതിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്‌. ചിലർ അഴിമതിക്ക് വിധേയരായി. എന്നാൽ, ഒരുകുറ്റവാളിക്കും രക്ഷപ്പെടാൻ കഴിയാത്ത നിലപാടാണ് അന്ന്‌ സർക്കാർ സ്വീകരിച്ചത്. പക്ഷെ, സഹകരണ മേഖല ആകെ കുഴപ്പമാണെന്ന് വരുത്താനാണ്‌ ചിലർ ശ്രമിച്ചത്‌. സഹകരണ തത്വങ്ങൾ എല്ലാം മറന്ന്‌ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാറിന്റെ നിയന്ത്രണം ഇല്ല. വലിയ പലിശ വാഗ്‌ദാനംചെയ്ത് നിക്ഷേപം സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപം തിരിച്ചുനൽകാതെയുള്ള അഴിമതിവരുന്നു. ഇതിനെതിരെ നിയമപ്രകാരം സംസ്ഥാന സർക്കാറിന് നടപടി എടുക്കാൻ കഴിയില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയെ ഇത് ബാധിക്കുന്നുണ്ട്‌. ജനങ്ങൾക്ക് എളുപ്പത്തിൽ ബാങ്കിങ് സ്ഥാപനത്തെ സമീപിക്കാൻ കഴിയുന്നു എന്നതാണ് സഹകരണ മേഖലയുടെ പ്രത്യേകത. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളടക്കം നേതൃത്വംകൊടുത്ത് വളർത്തിയെടുത്തതാണ് സഹകരണ മേഖല. രാജ്യം ഇ‍ൗ മേഖലക്ക് വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ, ആഗോളവൽക്കരണ നയങ്ങൾ നടപ്പായതോടെ ഇതിന്‌ മാറ്റംവന്നതായും പിണറായി പറഞ്ഞു.

ബാങ്ക് പ്രസിഡന്റ്‌ സി ഭാസ്കരൻ അധ്യക്ഷനായി. കെ കെ രമ എംഎൽഎ, കേരള ബാങ്ക്‌ പ്രസിഡന്റ്‌ പി മോഹനൻ, പി സതീഷ്, എസ് ഷാജു, എ ടി ശ്രീധരൻ, എം ഫൈസൽ, ആയാടത്തിൽ രവീന്ദ്രൻ, മനയത്ത് ചന്ദ്രൻ, ടി പി ഗോപാലൻ, എം ഡി ഇബ്രാഹിം എന്നിവർ സംസാരിച്ചു. നഗരസഭാചെയർപേഴ്സൺ പി കെ ശശി സ്വാഗതവും ഡയറക്ടർ ഡോ. അബ്ദുൾ അസീസ് കോറോത്ത് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home