മുടിക്കൽ വനംഡിപ്പോയിൽ തടിവരവ് തുടങ്ങി

വനംവകുപ്പിന്റെ മുടിക്കൽ ഡിപ്പോയിലെത്തിയ തേക്കുതടി
പെരുമ്പാവൂർ
വനംവകുപ്പിന്റെ മുടിക്കൽ ഡിപ്പോയിൽ ലേലത്തിൽ വിൽക്കാനുള്ള തടികൾ ഇറക്കിത്തുടങ്ങി. തേക്കുതടികളാണ് ശനിയാഴ്‌ച രാവിലെ ഡിപ്പോയിൽ ഇറക്കിയത്. ഒരുവർഷമായി തടിയുടെ വരവ് നിലച്ചിരുന്നു.
പി വി ശ്രീനിജിൻ എംഎൽഎ, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം മമ്മി സെഞ്ച്വറി എന്നിവർ വനംമന്ത്രി എ കെ ശശീന്ദ്രന് നൽകിയ നിവേദനത്തിലാണ് നടപടി. തടിയുടെ വരവ് നിലച്ചത് മില്ലുടമകൾക്കും കയറ്റിറക്ക് തൊഴിലാളികൾക്കും കെട്ടിടനിർമാണത്തിനുള്ള തടി ആവശ്യക്കാർക്കും ദുരിതമായിരുന്നു.
വാഹനങ്ങൾക്ക് കടന്നുവരാൻ വിഴിയില്ലെന്ന റിപ്പോർട്ടുണ്ടാക്കിയാണ് ഡിപ്പോയിലേക്കുള്ള തടിയിറക്ക് നിർത്തിയത്. സിപിഐ എം മുടിക്കൽ ബ്രാഞ്ചും എൻസിപി വാഴക്കുളം മണ്ഡലം കമ്മിറ്റിയും വനംമന്ത്രി, എംഎൽഎ, ഉന്നത വനം ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരീക്ഷണം നടത്തിയ റിപ്പോർട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അതിരപ്പള്ളിയിൽനിന്ന് അഞ്ച് ഡിപ്പോകളിലേക്കാണ് തടി കയറ്റിവിടേണ്ടത്. അതിൽ ചെട്ടികുളം, ചാലക്കുടി, വീട്ടൂർ ഡിപ്പോകളിലേക്ക് ധാരാളം തടി നൽകുന്നുണ്ടെങ്കിലും മുടിക്കൽ, വരാപ്പുഴ ഡിപ്പോകളിലേക്ക് തടി നൽകാറുണ്ടായിരുന്നില്ല. 100 വർഷംമുമ്പ് പെരിയാർതീരത്ത് തടിവ്യാപാരികൾ തുടങ്ങിയതാണ് തടിഡിപ്പോ. പെരിയാറിലൂടെ ചങ്ങാടത്തിൽ തടി കൊണ്ടുവന്ന് ലേലത്തിൽ വിൽക്കുന്ന കേന്ദ്രമായിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ മുടിക്കൽ ഡിപ്പോ ഏറ്റെടുത്ത് വിവിധ ഇനം തടികൾ ഇറക്കി ലേലത്തിൽ വിൽക്കുന്ന കേന്ദ്രമായി മാറി.










0 comments