പറവൂർ താലൂക്കാശുപത്രി
ഫാർമസി 24 മണിക്കൂറും പ്രവർത്തിക്കണം: ഡിവൈഎഫ്ഐ നിവേദനം നൽകി

പറവൂർ താലൂക്കാശുപത്രിയിലെ ഫാർമസി പ്രവർത്തനം 24 മണിക്കൂർ ആക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നിവേദനം ആശുപത്രി സൂപ്രണ്ട് ഡോ. ആഷ കെ ജോണിന് കൈമാറുന്നു
പറവൂർ
താലൂക്ക് ഗവ. ആശുപത്രിയിലെ ഫാർമസി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആഷ കെ ജോണിന് നിവേദനം നൽകി. പറവൂരിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ പ്രധാന ആശ്രയമായ താലൂക്കാശുപത്രിയിൽ ദിവസവും ആയിരത്തോളം രോഗികളാണ് ചികിത്സതേടിയെത്തുന്നത്.
രാത്രി എട്ടിനുശേഷം ഫാർമസി പ്രവർത്തിക്കാത്തത് ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കൂടിയ വിലനൽകി സ്വകാര്യ ഫാർമസികളിൽനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ആശുപത്രിക്കുസമീപത്തെ ഫാർമസികൾ അടച്ചുപോയാൽ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുമുണ്ട്. മുന്പ് ഇവിടെ 24 മണിക്കൂറും ഫാർമസി പ്രവർത്തിച്ചിരുന്നതാണ്.
ഇത് പുനഃസ്ഥാപിച്ച് രാത്രികാലങ്ങളിലും രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും പരിഹാരമില്ലെങ്കിൽ സമരം നടത്തുമെന്നും നിവേദനം കൈമാറിയശേഷം ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ് കുമാർ, സെക്രട്ടറി സി ബി ആദർശ്, വൈസ് പ്രസിഡന്റ് എം എസ് അരുൺജി, ആൽറിൻ കെ ജോബോയ് എന്നിവർ പറഞ്ഞു.










0 comments