പുളിയനം തെക്കിൽ എൽഡിഎഫ് തന്നെ

പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷിയെ അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ് അനുമോദിക്കുന്നു
കൊച്ചി
തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് വാർഡിൽ വിജയം ആവർത്തിച്ചും മൂന്നിടങ്ങളിൽ വോട്ട് ഉയർത്തിയും എൽഡിഎഫ്. പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡിലാണ് എൽഡിഎഫ് വിജയം ആവർത്തിച്ചത്. കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനും വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്കും യുഡിഎഫും പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്‌റ്റ് ട്വന്റി 20യും നിലർത്തി.
പുളിയനം തെക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി 207 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 575 വോട്ടുകൾ നേടി. യുഡിഎഫിന്റെ മല്ലിക രവിക്ക് 368, എൻഡിഎയുടെ സാന്ദ്ര സുബ്രഹ്മണ്യന് 25 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുളിയനംതെക്ക് വാർഡിൽ എൽഡിഎഫിന്–621, യുഡിഎഫ്–249, ബിജെപി– 45 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം–372 ആയിരുന്നു.
അയ്യപ്പൻകാവിൽ യുഡിഎഫ് വോട്ടിൽ വൻ ഇടിവ്
കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് വോട്ടിൽ വൻ ഇടിവ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ എ കെ അജിത്‌കുമാറാണ് വിജയി. അജിത് കുമാറിന് 1492 വോട്ട് ലഭിച്ചു. എൽഡിഎഫിന്റെ പി കെ ഉസ്‌മാൻ 943 നേടി. ബിജെപിയിലെ ബിജോയ്‌ക്ക് ലഭിച്ചത് 269 വോട്ട്. യുഡിഎഫിന്റെ ഭൂരിപക്ഷം 549ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞതവണ യുഡിഎഫിന്റെ ദീപക് ജോയ് വിജയിച്ചത് 1183 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
മടപ്ലാതുരുത്ത് കിഴക്കിലും യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു
വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡിലും യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു. യുഡിഎഫിലെ ജോസ് കുനിയന്തോടത്താണ് വിജയിച്ചത്. 611 വോട്ടാണ് ലഭിച്ചത്. 140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കഴിഞ്ഞതവണ 162 ആയിരുന്നു ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ് 471 വോട്ട് സ്വന്തമാക്കി എൻഡിഎയുടെ പി ആർ സാന് 38 വോട്ട് ലഭിച്ചു.
കോലഞ്ചേരി ഇൗസ്‌റ്റിൽ ട്വന്റി20
പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്‌റ്റിൽ ട്വന്റി 20യുടെ ദീനാമ്മ ജേക്കബാണ് വിജയി. 339 വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം 96. കഴിഞ്ഞതവണ 49 ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥി സാറാമ്മ പൈലിപിള്ളക്ക് 243 വോട്ടും എൽഡിഎഫ് സ്ഥാനാർഥി നീതു ജോയിഡിന് 137 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 254 വോട്ട് ലഭിച്ചിരുന്നു. 16 അംഗവാർഡിൽ യുഡിഎഫിനും ട്വന്റി 20ക്കും ഏഴുവീതം അംഗങ്ങളായി. എൽഡിഎഫിന് രണ്ട് അംഗങ്ങളുണ്ട്.
എൽഡിഎഫിന് നേട്ടം; വോട്ട് കൂടി
കൊച്ചി
എൽഡിഎഫിന്റെ തിരിച്ചുവരവിന് കരുത്തായി ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. പാറക്കടവ് പഞ്ചായത്തിൽ പുളിയനം തെക്ക് വാർഡിൽ എൽഡിഎഫ് വിജയം ആവർത്തിച്ചപ്പോൾ മറ്റു മൂന്നിടങ്ങളിൽ വോട്ട് വിഹിതം കൂട്ടാനും സാധിച്ചു. യുഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കുമുള്ള ജനങ്ങളുടെ വിധിയെഴുത്തുകൂടിയായി തെരഞ്ഞെടുപ്പ് ഫലം.
കൊച്ചി കോർപറേഷനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അയ്യപ്പൻകാവ് ഡിവിഷനിൽ 156 വോട്ടാണ് എൽഡിഎഫിന് വർധിച്ചത്. ഇത്തവണ 943 വോട്ട് നേടി. കഴിഞ്ഞതവണ ലഭിച്ചത് 787 വോട്ടാണ്. ആ തെരഞ്ഞെടുപ്പിൽ 1970 വോട്ടാണ് യുഡിഎഫ് സ്ഥാനാർഥി നേടിയതെങ്കിൽ. ഇത്തവണ 1492 വോട്ടേ ലഭിച്ചുള്ളൂ. 178 വോട്ട് യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും മുൻ തെരഞ്ഞെടുപ്പിനേക്കാൾ 95 വോട്ട് കുറഞ്ഞു.
വടക്കേക്കര മടപ്ലാതുരുത്ത് കിഴക്കിലും എൽഡിഎഫിന് വോട്ട് കൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് 417 വോട്ടാണ് ലഭിച്ചത്. ഇത്തവണ 471 ആയി ഉയർത്തി. 54 വോട്ട് കൂടി. കോലഞ്ചേരി ഇൗസ്‌റ്റ് വാർഡിലും എൽഡിഎഫ് വോട്ട് കൂടി. എൽഡിഎഫ് സ്ഥാനാർഥി 137 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 125 വോട്ടായിരുന്നു.









0 comments