Deshabhimani

ചേരാനല്ലൂർ കാറപകടം

കോൺഗ്രസ് ഭരണത്തിൽ ഇരട്ടനീതി

Accident death

ജയബാലകൃഷ്ണന്റെ കൊലയാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിൽ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് 
നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 27, 2026, 12:58 AM | 1 min read

കൊച്ചി

ചേരാനല്ലൂരിൽ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ യുഡിഎഫ് സർക്കാരിന്‌ ഇരട്ടനീതിയെന്ന്‌ സിപിഐ എം. നിസ്സാരവകുപ്പുകൾ ചുമത്തി പ്രതിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടത് ജനാധിപത്യസമൂഹത്തിന് നിരക്കാത്തതാണ്. പ്രതി ജഡ്ജിയുടെ മകനാണെന്ന് തിരിച്ചറിഞ്ഞതുമുതൽ പൊലീസ് സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണ്. വാഹനയുടമയായ ജഡ്ജിയെയും പതിനേഴുകാരനായ മകനെയും സംരക്ഷിക്കാൻ ഒത്താശചെയ്തു. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കുറ്റക്കാർക്കെതിരെ ഇരട്ട സമീപനമാണ് സ്വീകരിക്കുന്നത്. നിയമം നടപ്പാക്കേണ്ടവർതന്നെ നിയമത്തിന് മുകളിലാണ് തങ്ങളെന്ന ധാർഷ്ട്യം വച്ചുപുലർത്തുന്നു.


നീതി ലഭിക്കേണ്ട കുടുംബത്തെ വിളിക്കാൻപോലും ആഭ്യന്തരമന്ത്രിയോ മറ്റ് മന്ത്രിമാരോ തയ്യാറായിട്ടില്ല. പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയർന്നപ്പോഴാണ് മനഃപൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്താൻ പൊലീസ് നിർബന്ധിതരായത്. കാറിന്റെ ഉടമയായ പിതാവിനെതിരെ കേസെടുക്കാനും തയ്യാറായി. സാധാരണക്കാരന് നീതി ലഭിക്കണമെങ്കിൽ പ്രതിഷേധിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രായപൂർത്തിയാകാത്ത മകന് ആഡംബരവാഹനം നൽകിയ മാതാപിതാക്കൾക്കും അവരെ വഴിവിട്ട് സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.


ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. കേസിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്നും വി ഡി സതീശൻ സർക്കാരിന്റെ ഇരട്ടനീതിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പറഞ്ഞു.


ചേരാനല്ലൂർ സ്റ്റേഷനിലേക്ക്‌ 
സിപിഐ എം മാർച്ച്‌

കൊച്ചി

ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസ്‌ നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഐ എം. ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കണ്ണംകുളത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ചേരാനല്ലൂർ സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നുചേർന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ സെക്രട്ടറി സി മണി, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ വി വി പ്രവീൺ, അമൽ സോഹൻ, ലോക്കൽ സെക്രട്ടറി പി പി ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home