യുപിഐ ഇടപാടുകൾക്ക് നിരക്ക്
താക്കീതായി വ്യാപാരികളുടെ പ്രതിഷേധം

യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ എറണാകുളം മേനകയിലെ എസ്ബിഐ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗസറ്റ് വിജ്ഞാപനം കത്തിക്കുന്നു
കൊച്ചി
യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന് താക്കീതായി വ്യാപാരികളുടെ പ്രതിഷേധം. സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഷൺമുഖം റോഡിലുള്ള എസ്ബിഐ ബാങ്കിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനംചെയ്തു. സമിതി എറണാകുളം ഏരിയ പ്രസിഡന്റ് എം കെ സുരേഷ് ബാബു അധ്യക്ഷനായി.
സമരത്തിൽ പങ്കെടുത്ത വ്യാപാരികൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ടി എം അബ്ദുൾ വാഹിദ്, ജില്ലാ കമ്മിറ്റി അംഗം സോജൻ ആന്റണി, ചിക്കൻ സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ, കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ് സുൽഫിക്കർ അലി, കെഎസ്എംവിഎസ് ജില്ലാ സെക്രട്ടറി എൻ ഡി പ്രജീഷ്, ഫിറോസ് അബു, ഷാലി റോളണ്ട് എന്നിവർ സംസാരിച്ചു.
കോതമംഗലത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എ ജോയി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ ബി യൂസഫ് അധ്യക്ഷനായി. തൃക്കാക്കരയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എം ഷിഹാബ് അധ്യക്ഷനായി.
പള്ളുരുത്തിയിൽ കോർപറേഷൻ പ്രതിപക്ഷനേതാവ് വി എ ശ്രീജിത്, മൂവാറ്റുപുഴയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എ റിയാസ്ഖാൻ, കൂത്താട്ടുകുളത്ത് നഗരസഭാ പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് എന്നിവർ പ്രതിഷേധങ്ങൾ ഉദ്ഘാടനം ചെയ്തു.









0 comments